നൂഷിൻ അൽ ഖദീർ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ഇടക്കാല പരിശീലക
text_fieldsമുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകയായി നൂഷിൻ അൽ ഖദീറിനെ നിയമിച്ചു. ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ പരിശീലകയായിരുന്നു നൂഷിൻ അൽ ഖദീർ. 42 കാരിയായ മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന്റെ ബൗളിംഗ് പരിശീലകയായിരുന്നു.
എന്നാൽ, ഇന്ത്യൻ വനിതാ ടീം ഹെഡ് കോച്ച് സ്ഥാനത്തേക്ക് അമോൽ മജുംദാറിന്റെ പേര് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, ബി.സി.സി.ഐ അദ്ദേഹത്തിന്റെ നിയമനത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. തീരുമാനം വരുന്നത് വരെ ടീമിനെ പരിശീലിപ്പിക്കാൻ നൂഷിൻ അൽ ഖദീറിനെ നിയോഗിക്കുകയായിരുന്നു. ഹൈദരാബാദുകാരിയായ മുൻ താരം കഴിഞ്ഞ രണ്ട് വർഷമായി എൻ.സി.എയുമായി ചേർന്ന് പ്രവർത്തിക്കുകയും യുവ വനിതാ ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എൻ.സി.എ ഫാക്കൽറ്റി അംഗങ്ങളായ അപൂർവ ദേശായിയും റജിബ് ദത്തയും ബംഗ്ലാദേശ് പര്യടനത്തിൽ അൽ ഖദീറിന്റെ ഡെപ്യൂട്ടിമാരായിരിക്കും
ഇന്ത്യൻ വനിതാ ടീമിന്റെ അവസാന പരിശീലിപ്പിച്ചത് രമേഷ് പവാറായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കും ട്വന്റി 20 വനിതാ ലോകകപ്പിനും മുന്നോടിയായി ആറ് മാസം മുമ്പ് ബി.സി.സി.ഐ അദ്ദേഹത്തെ നീക്കം ചെയ്യുകയും ഹൃഷികേശ് കനിത്കറിനെ ടീമിന്റെ താൽക്കാലിക പരിശീലകനാക്കുകയും ചെയ്തിരുന്നു.
ജൂലൈ 9ന് തുടങ്ങുന്ന ബംഗ്ലാദേശ് പരമ്പരയിൽ മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് എകദിനവുമാണ് കളിക്കുക. വ്യാഴാഴ്ച ബംഗ്ലാദേശിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീം ബുധനാഴ്ച മുംബൈയിൽ ഒത്തുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.