വനിത പ്രീമിയർ ലീഗ് താരലേലം പെൺകൊടി
text_fieldsമുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് രണ്ടാം പതിപ്പിന്റെ താരലേലം മുംബൈയിൽ നടന്നു. 165 കളിക്കാർ രജിസ്റ്റർ ചെയ്തതിൽ 30 പേരെയാണ് അഞ്ച് ടീമുകളുമായി വാങ്ങിയത്. സ്വദേശി താരം കശ് വി ഗൗതമും ആസ്ട്രേലിയൻ ഓൾ റൗണ്ടർ അന്നബെൽ സതർലൻഡുമാണ് വിലയേറിയ താരങ്ങൾ. രണ്ടു കോടി രൂപക്ക് ഇവരെ യഥാക്രമം ഗുജറാത്ത് ജയന്റ്സും ഡൽഹി കാപിറ്റൽസും വാങ്ങി.
പുതുമുഖ താരങ്ങളിൽ റെക്കോഡ് തുകയാണ് കശ് വിക്ക് ലഭിച്ചത്. 10 ലക്ഷം രൂപയായിരുന്നു ഈ ബാറ്ററുടെ അടിസ്ഥാനവില. കർണാടക ബാറ്റർ വൃന്ദ ദിനേശാണ് ഈ ഗണത്തിൽ രണ്ടാമത്. പുതുമുഖമായ വൃന്ദയെ യു.പി വാരിയേഴ്സ് വാങ്ങിയത് 1.3 കോടിക്ക്. ബാറ്റിങ് ഓൾ റൗണ്ടർ സജന സജീവനാണ് ലേലത്തിൽ പോയ ഏക മലയാളി താരം. വയനാട്ടുകാരിയായ സജനയെ 15 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു.
മിന്നും താരം മിന്നു മണിയെ ഡൽഹി കാപിറ്റൽസ് നിലനിർത്തിയതിനാൽ ലേലത്തിലുണ്ടായിരുന്നില്ല. സജനക്ക് പുറമെ സി.എം.സി നജില, കീർത്തി ജെയിംസ്, ഐ.വി ദൃശ്യ എന്നീ കേരള താരങ്ങളും ലേലത്തിനുണ്ടായിരുന്നു. ഇന്ത്യയുടെ ഭൂരിഭാഗം അന്തർ ദേശീയ താരങ്ങളെയും അതത് ടീമുകൾ നിലനിർത്തിയിരുന്നു. ഗുജറാത്ത് ജയന്റ്സിലേക്കാണ് ഏറ്റവും കൂടുതൽ കളിക്കാർ ലേലത്തിലൂടെ ഇക്കുറി എത്തിയിരിക്കുന്നത്, പത്ത്. ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിനെ രണ്ടാം സീസണിലും ആരും എടുത്തില്ല. രജിസ്റ്റർ ചെയ്ത 165ൽ 104 പേരും ഇന്ത്യക്കാരായിരുന്നു.
ഒരു ടീമിൽ പരമാവധി 30 പേരെയാണ് അനുവദിക്കുക. ഇതില്‍ ഒമ്പതുപേർ വിദേശികളാവാം. 2024 ഫെബ്രുവരിയിലാണ് വനിത പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ജയന്റ്സ്, യു.പി വാരിയേഴ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ അഞ്ച് ടീമുകളാണ് കളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.