വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ്: അഹ്മദാബാദ് ഫ്രാഞ്ചൈസി അദാനി ഗ്രൂപ്പിന്
text_fieldsമുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫ്രാഞ്ചൈസി ലേലത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സമ്പാദിച്ചത് 4669.99 കോടി രൂപ. അഹ്മദാബാദിനെ അദാനി സ്പോർട്സ് ലൈനും ലഖ്നോയെ കാപ്രി ഗ്ലോബൽ ഹോൾഡിങ്സും വാങ്ങിയപ്പോൾ ഐ.പി.എൽ ടീം ഉടമകളായ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി കാപിറ്റൽസ് എന്നിവർ അതത് നഗരങ്ങളുടെ പേരിലുള്ള ഫ്രാഞ്ചൈസികളും സ്വന്തമാക്കി. ഏറ്റവും ഉയർന്ന തുകയായ 1289 കോടിക്കാണ് അഹ്മദാബാദ് ഫ്രാഞ്ചൈസി അദാനി ഗ്രൂപ് ലേലത്തിൽ പിടിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കായിക വിഭാഗമായ ഇന്ത്യ വിന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് 912.99 കോടി രൂപക്ക് മുംബൈയും റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടിക്ക് ബാംഗ്ലൂരും ജെ.എസ്.ഡബ്ല്യു ജി.എം.ആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്ക് ഡൽഹിയും കാപ്രി ഗ്ലോബൽ ഹോൾഡിങ്സ് 757 കോടിക്ക് ലഖ്നോ ഫ്രാഞ്ചൈസിയും വാങ്ങി. അഹ്മദാബാദ് ടീമിന്റെ പേര് ഗുജറാത്ത് ജയന്റ്സ് എന്നായിരിക്കും. കാപ്രിയുടെ ടീം ലഖ്നോ വാരിയേഴ്സും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 666 കോടിയും ഹല്‍ദിറാം 240 കോടിയും രാജസ്ഥാന്‍ റോയല്‍സ് 180 കോടിയും വാഗ്ദാനം ചെയ്തെങ്കിലും ഇവർക്ക് ഫ്രാഞ്ചൈസികൾ ലഭിച്ചില്ല. ഇന്ത്യൻ പ്രീമിയർ ലീഗിനെക്കാൾ ഉയർന്ന തുകക്കാണ് ഫ്രാഞ്ചൈസി വിൽപന നടത്തിയിരിക്കുന്നത്. 2008ൽ ഐ.പി.എൽ പ്രഥമ എഡിഷനിൽ 723.59 ദശലക്ഷം യു.എസ് ഡോളറിനാണ് ടീമുകൾ വിറ്റുപോയത്.
2021ൽ ലഖ്‌നോ അഹ്മദാബാദ് ഫ്രാഞ്ചൈസികൾ വിൽപനക്കെത്തിയപ്പോൾ വാങ്ങുന്നതിൽ പരാജയപ്പെട്ട അദാനി ഗ്രൂപ്, വനിത ടീമിനെ ഉറപ്പാക്കി ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഔദ്യോഗിക പ്രവേശനം നടത്തുകയാണ്. ജനുവരി ആദ്യം, ബി.സി.സി.ഐ വനിത പ്രീമിയർ ലീഗിന്റെ മാധ്യമ അവകാശം വിയാകോം 18ന് 951 കോടി രൂപക്ക് വിറ്റിരുന്നു. അഞ്ചു വർഷത്തേക്ക് ഒരു മാച്ച് മൂല്യത്തിന് 7.09 കോടി രൂപ. ഒരു പന്തുപോലും എറിയാതെ ഐ.പി.എൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്വന്റി20 ലീഗായി വനിത പ്രീമിയർ ലീഗ് മാറി. പ്രഥമ സീസൺ മാർച്ചിൽ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.