വനിത പ്രീമിയർ ലീഗ്: യു.പിക്കെതിരെ ഡൽഹിക്ക് ഒമ്പതു വിക്കറ്റ് ജയം
text_fieldsബംഗളൂരു: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ യു.പി വാരിയേഴ്സിനെതിരെ ഡൽഹി കാപിറ്റൽസിന് ഒമ്പതു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സിനെ നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റിന് 119 റൺസിലൊതുക്കിയ കാപിറ്റൽസ് 14.3 ഓവറിൽ ഒരു വിക്കറ്റിന് 123ലെത്തി.
ഓപണർ ഷഫാലി വർമയും (43 പന്തിൽ 64 നോട്ടൗട്ട്) ക്യാപ്റ്റൻ മെഗ് ലാനിങ്ങും (43 പന്തിൽ 51) അർധശതകങ്ങൾ നേടി. ജയിക്കാൻ ഒരു റൺ മാത്രം വേണ്ടിയിരിക്കെയാണ് ലാനിങ് പുറത്താവുന്നത്.ഡൽഹിക്കായി രാധ യാദവ് നാലും മാരിസാനേ കാപ് മൂന്നും വിക്കറ്റെടുത്ത് ബൗളിങ്ങിൽ മിന്നി. രണ്ട് ഓവർ പന്തെറിഞ്ഞ മലയാളി താരം മിന്നു മണി 14 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
42 പന്തിൽ 45 റൺസടിച്ച ശ്വേത ഷെരാവത്ത് ഒഴികെ ആർക്കും വാരിയേഴ്സിൽ പിടിച്ചുനിൽക്കാനായില്ല. മൂന്നാം ഓവറിൽ തുടങ്ങി യു.പിയുടെ തകർച്ച. അക്കൗണ്ട് തുറക്കാനാവാതെ ഓപണർ വൃന്ദ ദിനേശ് മടങ്ങി. 15 പന്തിൽ 13 റൺസായിരുന്നു മറ്റൊരു ഓപണറും ക്യാപ്റ്റനുമായ അലിസ ഹീലിയുടെ സംഭാവന.
തഹ്ലിയ മക്ഗ്രാത്ത് ഒരു റണ്ണിന് പുറത്തായി. ഗ്രേസ് ഹാരിസ് (17), കിരൺ നാവിഗ്രെ (10), പൂനം ഖേംനർ (10) എന്നിവർ രണ്ടക്കം കടന്നത് മിച്ചം. ഒരു മെയ്ഡനടക്കം നാല് ഓവറിൽ അഞ്ചു റൺസ് മാത്രം വഴങ്ങിയാണ് കാപ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. നാല് ഓവർ എറിഞ്ഞ രാധ വിട്ടുകൊടുത്തത് 20 റൺസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.