വനിത പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്; റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി കാപിറ്റൽസ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം സീസണിലെ റാണിമാരെ ഇന്നറിയാം. രാത്രി 7.30ന് തുടങ്ങുന്ന വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ആതിഥേയരായ ഡൽഹി കാപിറ്റൽസിനെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നേരിടും. ഉദ്ഘാടന സീസണിലെ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റ കാപിറ്റൽസ് ഇക്കുറി പ്രാഥമിക റൗണ്ടിലെ തകർപ്പൻ പ്രകടനത്തോടെ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയായിരുന്നു. പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യൻസിനെ എലിമിനേറ്ററിൽ അഞ്ച് റൺസിന് വീഴ്ത്തിയാണ് ചാലഞ്ചേഴ്സ് കടന്നത്.
മിന്നു മണി Vs ആശ ശോഭന
ഫൈനലിൽ ഇറങ്ങുന്ന രണ്ട് ടീമിലും മലയാളി സാന്നിധ്യമുണ്ട്. ഡൽഹി കാപിറ്റൽസ് സംഘത്തിലെ അന്താരാഷ്ട്ര ആൾ റൗണ്ടറും വയനാട് മാനന്തവാടി സ്വദേശിയുമായ മിന്നു മണി ഗുജറാത്ത് ജയന്റ്സിനെതിരായ അവസാന മത്സരത്തിൽ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ട് ഓവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. സീസണിൽ ഇതുവരെ നാല് മത്സരങ്ങളിലേ മിന്നുവിന് അവസരം ലഭിച്ചുള്ളൂ.
റോയൽ ചാലഞ്ചേഴ്സിന്റെ മിന്നും ബൗളറാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ആൾ റൗണ്ടർ ആശ ശോഭന. ഒമ്പത് മത്സരങ്ങളിലും ആദ്യ ഇലവനിലിറങ്ങിയ 33കാരി സ്പിന്നർ പത്ത് വിക്കറ്റും വീഴ്ത്തി. ആദ്യ കളിയിൽ യു.പി വാരിയേഴ്സിനെതിരെ 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് പ്ലെയർ ഓഫ് ദ മാച്ചായി. മുംബൈ ഇന്ത്യൻസിനായി അരങ്ങേറിയ വയനാട് മാനന്തവാടിക്കാരി സജന സജീവൻ മികച്ച പ്രകടനത്തോടെയാണ് സീസൺ അവസാനിപ്പിച്ചത്.
കന്നിക്കിരീടം തേടി
സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചാലഞ്ചേഴ്സിനിത് ആദ്യ ഫൈനലാണ്. മെഗ് ലാനിങ് ക്യാപ്റ്റനായ ഡൽഹിയാകട്ടെ കഴിഞ്ഞ വർഷം കൈവിട്ട കിരീടം തേടിയും ഇറങ്ങുന്നു. സീസണിലെ എട്ടിൽ ആറ് മത്സരങ്ങളിലും കാപിറ്റൽസ് ജയം കണ്ടു. ആസ്ട്രേലിയൻ താരം മാരിസാനെ കാപ്, ഇന്ത്യൻ ഓപണർ ഷഫാലി വർമ തുടങ്ങിയവരുടെ മിന്നും പ്രകടനത്തിൽ ഇവർ ഒരിക്കൽക്കൂടി പ്രതീക്ഷയർപ്പിക്കുന്നു.
പേസ് ബൗളിങ് ആൾ റൗണ്ടറായ കാപ് എല്ലാ കളിയിലും വിക്കറ്റ് കൊയ്ത് പർപ്ൾ കാപ്പിനരികിലാണ്. ഷഫാലിയുടെയും റൺവേട്ടക്കാരിൽ മുന്നിലുള്ള ക്യാപ്റ്റൻ ലാനിങ്ങിന്റെയും ബാറ്റിൽനിന്ന് വീണ്ടും റൺസൊഴുകിയാൽ ഡൽഹിക്ക് കാര്യങ്ങൾ അനുകൂലമാവും. ക്യാപ്റ്റൻ സ്മൃതിയും സോഫി ഡിവൈനുമാണ് ചാലഞ്ചേഴ്സ് ബാറ്റിങ് കരുത്ത്. ആസ്ട്രേലിയൻ താരം എല്ലിസ് പെറി ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഫോമിലാണ്. ബൗളിങ്ങിൽ മലയാളി ആശ ശോഭനയുടെ മികവും എടുത്തുപറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.