വനിത പ്രീമിയർ ലീഗ് മൂന്നാം എഡിഷൻ ഫൈനൽ ഇന്ന്
text_fieldsമുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ശനിയാഴ്ച കിരീടപ്പോരാട്ടം. തുടർച്ചയായ മൂന്നാംതവണയും ഫൈനലിലെത്തിയ ഡൽഹി കാപിറ്റൽസ് ഇന്ന് രാത്രി 7.30ന് ബ്രാബൂൺ സ്റ്റേഡിയത്തിൽ നേരിടുന്നത് ആതിഥേയരായ മുംബൈ ഇന്ത്യൻസിനെ. ആദ്യ എഡിഷനിൽ ജേതാക്കളായ ടീമാണ് മുംബൈ. കാപിറ്റൽസിനാവട്ടെ രണ്ടുതവണയും ഫൈനലിൽ തോൽക്കാനായിരുന്നു വിധി. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന് കീഴിലാണ് മുംബൈ ഇറങ്ങുന്നത്. ആസ്ട്രേലിയക്കാരി മെഗ് ലാനിങ് കാപിറ്റൽസിനെയും നയിക്കുന്നു.
അഞ്ച് ടീമുകൾ പങ്കെടുത്ത ലീഗിൽ ഒന്നാംസ്ഥാനക്കാരായി നേരിട്ട് ഫൈനലിൽ പ്രവേശിക്കുകയായിരുന്നു ഡൽഹി. എട്ടിൽ അഞ്ച് മത്സരങ്ങളും ജയിച്ചു. ക്യാപ്റ്റൻ ലാനിങ്ങിനൊപ്പം ഇന്ത്യൻ ഓപണർ ഷഫാലി വർമയാണ് പ്രധാന ബാറ്റിങ് പ്രതീക്ഷ. മറ്റൊരു ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ് മികവ് പുലർത്താത്തത് തിരിച്ചടിയാണ്. മലയാളി ഓൾ റൗണ്ടർ മിന്നു മണിയും ടീമിലുണ്ട്. ലീഗ് റൗണ്ടിൽ ഡൽഹിയെപ്പോലെ 10 പോയന്റുണ്ടെങ്കിലും റൺറേറ്റിൽ രണ്ടാമതായ മുംബൈ എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ തോൽപിച്ചാണ് ഫൈനലിൽ കടന്നത്. താര സമ്പന്നമാണ് മുംബൈ നിര. ഓൾ റൗണ്ട് മികവ് കാട്ടുന്ന നാറ്റ് സിവർ ബ്രണ്ടും ഹെയ്ലി മാത്യൂസും യഥാക്രംമം റൺസിലും വിക്കറ്റിലും ഒന്നാംസ്ഥാനത്താണ്. മലയാളി സാന്നിധ്യമായി സജന സജീവനുമുണ്ട്.
ടീം ഇവരിൽനിന്ന്
മുംബൈ ഇന്ത്യൻസ്: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അക്ഷിത മഹേശ്വരി, അമൻദീപ് കൗർ, അമൻജോത് കൗർ, അമേലിയ കെർ, ക്ലോ ട്രിയോൺ, ഹെയ്ലി മാത്യൂസ്, ജിന്റിമണി കലിത, കീർത്തന ബാലകൃഷ്ണൻ, നദീൻ ഡി ക്ലർക്ക്, നാറ്റ് സിവർ ബ്രണ്ട്, പരുണിക കമലാലിനി സിസോദിയ, സജന സജീവൻ, സൻസ്കൃതി ഗുപ്ത, യാസ്തിക ഭാട്യ, സൈക ഇസ്ഹാക്, ഷബ്നിം ഇസ്മായിൽ.
ഡൽഹി കാപിറ്റൽസ്: മെഗ് ലാനിങ് (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, സ്നേഹ് ദീപ്തി, ആലീസ് കാപ്സി, അന്നബെൽ സതർലാൻഡ്, അരുന്ധതി റെഡ്ഡി, ജെസ് ജോനാസെൻ, മരിസാൻ കാപ്പ്, മിന്നു മണി, ടിറ്റസ് സധു, എൻ ചരണി, നിക്കി പ്രസാദ്, രാധ യാദവ്, ശിഖ പാണ്ഡേ, നന്ദിനി കശ്യപ്, തനിയ ഭാട്യ, സാറ ബ്രൈസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.