പാകിസ്താൻ വെല്ലുവിളി അതിജയിച്ച് ഇന്ത്യ; ആറു വിക്കറ്റ് ജയം; നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി വിജയറൺ നേടി സജന സജീവൻ
text_fieldsദുബൈ: തുടക്കം പാളിയെങ്കിലും ട്വന്‍റി20 വനിത ലോകകപ്പിലെ രണ്ടാം മത്സരം ജയിച്ചുകയറി ഇന്ത്യ. പാകിസ്താനെതിരെ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ 20 ഓവറിൽ 105 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോർ: പാകിസ്താൻ -20 ഓവറിൽ എട്ടു വിക്കറ്റിന് 105. ഇന്ത്യ -18.5 ഓവറിൽ നാലു വിക്കറ്റിന് 108. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റ ഇന്ത്യക്ക് സെമി ഫൈനൽ സജീവമാക്കാൻ ജയം അനിവാര്യമായിരുന്നു. 35 പന്തിൽ 32 റൺസെടുത്ത ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 പന്തിൽ 29 റൺസെടുത്തു. റിട്ടയേർട്ട് ഔട്ടായാണ് താരം മടങ്ങിയത്. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തി മലയാളി താരം സജന സജീവനാണ് ടീമിന്‍റെ വിജയ റൺ നേടിയത്. ദീപ്തി ശർമയും (എട്ടു പന്തിൽ ഏഴ്) പുറത്താകാതെ നിന്നു. സ്മൃതി മന്ഥാന (16 പന്തിൽ ഏഴ്), ജെമീമ റോഡ്രിഗസ് (28 പന്തിൽ 23), റിച്ച ഘോഷ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പാകിസ്താനായി ഫാത്തിമ സന രണ്ടും സദിയ ഇഖ്ബാൽ, ഉമൈമ സുഹൈൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ഇന്ത്യയുടെ കണിശമായ ബൗളിങ്ങാണ് പാകിസ്താനെ ചെറിയ സ്കോറിലൊതുക്കിയത്. അരുന്ധതി റെഡ്ഡി നാലു ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മലയാളി താരം ആശ ശോഭന രണ്ടാം മത്സരത്തിലും വിക്കറ്റ് നേടി. നാലു ഓവറിൽ 24 റൺസ് വഴങ്ങിയാണ് താരം വിക്കറ്റെടുത്തത്. 28 റൺസെടുത്ത നിദാ ദറാണ് പാകിസ്താൻ നിരയിലെ ടോപ് സ്കോറർ. അഞ്ചുപേർക്ക് രണ്ടക്കം കടക്കാനായില്ല. മുനീബ അലി (26 പന്തിൽ 17), ഗുൽ ഫിറോസ (പൂജ്യം), സിദ്ര അമിൻ (11 പന്തിൽ എട്ട്), ഉമൈന സുഹൈൽ (ആറു പന്തിൽ മൂന്ന്), ആലിയ റിയാസ് (ഒമ്പത് പന്തിൽ നാല്), ക്യാപ്റ്റൻ ഫാത്തിമ സന (എട്ടു പന്തിൽ 13), തുബ ഹസ്സൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
സയ്യിദ അറൂബ് ഷാ 17 പന്തിൽ 14 റൺസുമായും നഷ്‌റ സുന്ദു രണ്ടു പന്തിൽ ആറു റണ്ണുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ശ്രേയങ്ക പാട്ടീൽ രണ്ടും രേണുക സിങ്, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ഒരു മാറ്റവുമയാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ പുറത്തിരുന്ന മലയാളി താരം സജന സജീവൻ പൂജ വസ്ത്രകർക്കു പകരമായാണ് ടീമിലെത്തിയത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.