സജനയും ആശയും കളിക്കും; ഇന്ത്യക്കെതിരെ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തു
text_fieldsദുബൈ: ട്വന്‍റി20 വനിത ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് സെമി ഫൈനൽ സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണ്. ഒരു മാറ്റവുമയാണ് അയൽക്കാർക്കെതിരെ ഹർമൻപ്രീത് കൗറും സംഘവും കളത്തിലിറങ്ങുന്നത്
ആദ്യ മത്സരത്തിൽ പുറത്തിരുന്ന മലയാളി താരം സജന സജീവൻ പ്ലെയിങ് ഇലവനിൽ ഇടംനേടി. പൂജ വസ്ത്രകർക്കു പകരമാണ് സജന ആദ്യ പതിനൊന്നിലെത്തിയത്. മറ്റൊരു മലയാളി താരം ആശ ശോഭന രണ്ടാം മത്സരത്തിലും കളിക്കുന്നുണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി പ്രവേശനമെന്നതും കരുത്തരായ ആസ്ട്രേലിയയടക്കം നേരിടാനുള്ളതും ഇന്ത്യയുടെ ചങ്കിടിപ്പേറ്റുന്നുണ്ട്.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ച ഫാത്തിമ സന നയിക്കുന്ന പച്ചക്കുപ്പായക്കാരികൾക്കും പരാജയത്തെക്കുറിച്ച് ചിന്തിക്കാൻ വയ്യ. രണ്ട് സന്നാഹ മത്സരങ്ങളിലെ ആധികാരിക ജയങ്ങളിലൂടെ ലഭിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ കഴിഞ്ഞ ദിവസം ഇറങ്ങിയത്. പക്ഷേ, 58 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത കിവികൾ 160 റൺസടിച്ചപ്പോൾ ഇന്ത്യ 102ൽ പുറത്തായി. 15 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ ഒരാൾക്കുപോലുമായില്ലെന്നത് തോൽവിയുടെ ദയനീയത കൂട്ടി.
ഓപണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും ക്യാപ്റ്റൻ ഹർമൻപ്രീതും ജെമീമ റോഡ്രിഗയും റിച്ച ഘോഷും വലിയ സ്കോറുകൾ കണ്ടെത്തിയാലേ രക്ഷയുള്ളൂ. സ്പിന്നർ ആശ ശോഭന ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയിരുന്നു. അഞ്ചുവീതം ടീമുകളാണ് ഓരോ ഗ്രൂപ്പിലുമുള്ളത്. എ ഗ്രൂപ്പിൽ ആദ്യ കളികൾ ജയിച്ച ആസ്ട്രേലിയയും ന്യൂസിലൻഡും പാകിസ്താനുമാണ് യഥാക്രമം മൂന്ന് സ്ഥാനങ്ങളിൽ. കുറഞ്ഞ നെറ്റ് റൺറേറ്റുള്ള ഇന്ത്യ ശ്രീലങ്കക്കും പിറകിലായി അഞ്ചാം സ്ഥാനത്താണ്. ജയം ആവർത്തിച്ചാൽ പാകിസ്താന് അവസാന നാലിലേക്ക് ഒരുപടി കൂടി അടുക്കാനാവും. പരാജയം പുറത്തേക്ക് വഴിതുറക്കുമെന്നതിനാൽ ഇന്ത്യക്കിത് ജീവന്മരണ മത്സരമാണ്.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ആശ ശോഭന, രേണുക സിങ്, സജന സജീവൻ.
പാകിസ്താൻ ടീം: ഫാത്തിമ സന (ക്യാപ്റ്റൻ), ആലിയ റിയാസ്, ഗുൽ ഫിറോസ, മുനീബ അലി, നഷ്‌റ സുന്ദു, നിദാ ദർ, സാദിയ ഇഖ്ബാൽ, സിദ്റ അമിൻ, സയ്യിദ അറൂബ് ഷാ, തുബ ഹസ്സൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.