അരുന്ധതിക്ക് മൂന്നു വിക്കറ്റ്; പാകിസ്താനെതിരെ ഇന്ത്യക്ക് 106 റൺസ് വിജയലക്ഷ്യം
text_fieldsദുബൈ: ട്വന്‍റി20 വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 106 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു.
സെമി ഫൈനൽ സാധ്യത സജീവമക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് അയൽക്കാരെ ചെറിയ സ്കോറിൽ ഒതുക്കിയത്. അരുന്ധതി റെഡ്ഡി നാലു ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മലയാളി താരം ആശ ശോഭന രണ്ടാം മത്സരത്തിലും വിക്കറ്റ് നേടി. നാലു ഓവറിൽ 24 റൺസ് വഴങ്ങിയാണ് താരം വിക്കറ്റെടുത്തത്. 28 റൺസെടുത്ത നിദാ ദറാണ് പാകിസ്താൻ നിരയിലെ ടോപ് സ്കോറർ. അഞ്ചുപേർക്ക് രണ്ടക്കം കടക്കാനായില്ല. മുനീബ അലി (26 പന്തിൽ 17), ഗുൽ ഫിറോസ (പൂജ്യം), സിദ്ര അമിൻ (11 പന്തിൽ എട്ട്), ഉമൈന സുഹൈൽ (ആറു പന്തിൽ മൂന്ന്), ആലിയ റിയാസ് (ഒമ്പത് പന്തിൽ നാല്), ക്യാപ്റ്റൻ ഫാത്തിമ സന (എട്ടു പന്തിൽ 13), തുബ ഹസ്സൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
സയ്യിദ അറൂബ് ഷാ 17 പന്തിൽ 14 റൺസുമായും നഷ്‌റ സുന്ദു രണ്ടു പന്തിൽ ആറു റണ്ണുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ശ്രേയങ്ക പാട്ടീൽ രണ്ടും രേണുക സിങ്, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ഒരു മാറ്റവുമയാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ പുറത്തിരുന്ന മലയാളി താരം സജന സജീവൻ പ്ലെയിങ് ഇലവനിൽ ഇടംനേടി. പൂജ വസ്ത്രകർക്കു പകരമാണ് സജന ആദ്യ പതിനൊന്നിലെത്തിയത്. മറ്റൊരു മലയാളി താരം ആശ ശോഭന രണ്ടാം മത്സരത്തിലും കളിക്കുന്നുണ്ട്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി പ്രവേശനം. രണ്ട് സന്നാഹ മത്സരങ്ങളിലെ ആധികാരിക ജയങ്ങളിലൂടെ ലഭിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ കഴിഞ്ഞ ദിവസം ഇറങ്ങിയത്. പക്ഷേ, 58 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത കിവികൾ 160 റൺസടിച്ചപ്പോൾ ഇന്ത്യ 102ൽ പുറത്തായി. 15 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ ഒരാൾക്കുപോലുമായില്ലെന്നത് തോൽവിയുടെ ദയനീയത കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.