വിശ്വജേത്രികളായി ഓസീസ്; വനിത ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി
text_fieldsകേപ് ടൗൺ: ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയെ പക്ഷേ നിർഭാഗ്യം കൈവിട്ടില്ല. വനിത ട്വന്റി20 ലോകകിരീടപ്പോരാട്ടത്തിൽ ആസ്ട്രേലിയയോട് മുട്ടുമടക്കിയ ആഫ്രിക്കക്കാരികൾക്ക് സ്വന്തം കാണികളെയും നിരാശപ്പെടുത്തേണ്ടിവന്നു. 19 റൺസ് ജയവുമായാണ് ഓസീസ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇവർ 20 ഓവറിൽ ആറ് വിക്കറ്റിന് 156 റൺസെടുത്തു. ആതിഥേയ മറുപടി 20 ഓവറിൽ ആറിന് 137 ൽ അവസാനിച്ചു. 53 പന്തിൽ 74 റൺസുമായി പുറത്താവാതെനിന്ന ബെത് മൂണിയാണ് വിജയികളുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപണർ ലോറ വോൾവാർഡ് 48 പന്തിൽ 61 റൺസെടുത്തു. ട്വന്റി20യിൽ ഓസീസിന്റെ ആറാം ലോകകിരീടമാണിത്.
ടോസ് നേടിയ ആസ്ട്രേലിയൻ വനിതകൾ ബാറ്റിങ് തുടങ്ങി. പതിവുപോലെ ഓപണർമാരായ അലീസ ഹീലിയും ബെത് മൂണിയും ടീമിന് മികച്ച തുടക്കം നൽകി. അഞ്ച് ഓവറിൽ 36 റൺസ് ചേർത്ത കൂട്ടുകെട്ടിന് ഹീലിയുടെ (18) പുറത്താവലോടെ അന്ത്യമായി. മൂണിക്കൊപ്പം തുടർന്നെത്തിയ ആഷ് ലേ ഗാർഡനറും സ്കോർ ചലിപ്പിച്ചു. ഗാർഡനർ 21 പന്തിൽ 29 റൺസ് നേടി മടങ്ങി. 15ാം ഓവറിൽ പത്ത് റൺസുമായി ഗ്രേസ് ഹാരിസ് മടങ്ങുമ്പോൾ സ്കോർ 103. ഒരറ്റത്ത് മുറക്ക് വിക്കറ്റുകൾ നിലംപതിക്കവെ ഒറ്റക്ക് പോരാടുകയായിരുന്നു മൂണി. ക്യാപ്റ്റൻ മെഗ് ലാനിങ് (10), എലീസെ പെറി (7), ജോർജിയ വാരേം (0) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ഷബ്നിം ഇസ്മായിലും മാറിസാൻ കാപ്പും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 17 റൺസിൽ ആദ്യ വിക്കറ്റ് വീണ ദക്ഷിണാഫ്രിക്കക്ക് ലോറയുടെ ഒറ്റയാൻ പോരാട്ടം പ്രതീക്ഷ നൽകിയിരുന്നെങ്കിലും താരത്തിന്റെ പുറത്താവലോടെ എല്ലാം കൈവിട്ടു. 23 പന്തിൽ 25 റൺസെടുത്ത ക്ലോ ട്രിയോണിന്റെതാണ് മറ്റൊരു കാര്യമായ സംഭാവന. മൂണി ഫൈനലിലെയും ആകെ 10 വിക്കറ്റ് വീഴ്ത്തുകയും 110 റൺസ് നേടുകയും ചെയ്ത ആഷ് ലേ ഗാർഡനർ പരമ്പരയിലെയും താരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.