വനിത ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് മൂന്നാം മത്സരം; ലങ്കയോട് ആലങ്കാരിക ജയം പോരാ
text_fieldsദുബൈ: പാകിസ്താനെതിരായ ആറ് വിക്കറ്റ് ജയം നൽകിയ ആവേശത്തിൽ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഇന്ത്യ വനിത ട്വന്റി20 ലോകകപ്പിലെ മൂന്നാം മത്സരത്തിന്. ബുധനാഴ്ച ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മറ്റൊരു അയൽക്കാരായ ശ്രീലങ്കയാണ് എതിരാളികൾ. ആദ്യ കളിയിൽ ന്യൂസിലൻഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് അവസാന ഗ്രൂപ് മത്സരത്തിൽ നേരിടാനുള്ളത് കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ആസ്ട്രേലിയയെ ആയതിനാൽ വലിയ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ന് ആവശ്യമില്ലെന്ന സ്ഥിതിയാണ്. ഗ്രൂപ് എയിൽ രണ്ട് മത്സരങ്ങളിൽ രണ്ട് പോയന്റോടെ നിലവിൽ നാലാമതാണ് ഇന്ത്യ. 1.217 ആണ് റൺറേറ്റ്.
പാകിസ്താനെതിരായ മത്സരത്തിലെ മെല്ലെപ്പോക്ക് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. ആദ്യ രണ്ട് കളികളും തോറ്റ ലങ്കക്ക് ഇനി പ്രതീക്ഷയില്ല. രണ്ടുകൂട്ടർക്ക് മാത്രമാണ് സെമി പ്രവേശനമെന്നതിനാൽ ആസ്ട്രേലിയ, പാകിസ്താൻ, ന്യൂസിലൻഡ് ടീമുകളുടെ അടുത്ത മത്സരങ്ങൾ ഇന്ത്യക്കും നിർണായകമാണ്. ഒരേ പോയന്റ് വന്നാൽ റൺറേറ്റാവും കാര്യങ്ങൾ തീരുമാനിക്കുക. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് കളംവിട്ടതും ഇന്ത്യയുടെ ആശങ്ക വർധിപ്പിച്ചു. കളി ജയിക്കാനിരിക്കെ ബാറ്റ് ചെയ്യുമ്പോൾ കഴുത്തിന് പരിക്കേറ്റ നായികക്ക് ഇന്ന് ഇറങ്ങാനാവുമെന്നാണ് പ്രതീക്ഷ. പേസ് ബൗളർ പൂജ വസ്ത്രകാറിനെയും അനാരോഗ്യം അലട്ടുന്നുണ്ട്. പൂജ പാകിസ്താനെതിരെ കളിച്ചിരുന്നില്ല.
ടീം ഇവരിൽനിന്ന്
ഇന്ത്യ -ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകർ, ശ്രേയങ്ക പാട്ടീൽ, ആശാ ശോഭന, രേണുക സിങ്, ദയാലൻ ഹേമലത, രാധ യാദവ്, യാസ്തിക ഭാട്യ, സജന സജീവൻ.
ശ്രീലങ്ക -ചമാരി അത്തപത്തു (ക്യാപ്റ്റൻ), വിഷ്മി ഗുണരത്‌നെ, ഹർഷിത സമരവിക്രമ, ഹാസിനി പെരേര, അനുഷ്‌ക സഞ്ജീവനി, നിലാക്ഷിക സിൽവ, കവിഷ ദിൽഹാരി, അമ കാഞ്ചന, ഇനോഷി പ്രിയദർശനി, ശശിനി ഗിംഹാനി, അച്ചിനി കുലസൂര്യ, സുഗന്ധിക കുമാരി, സചിനി നിസൻസാല, ഉദേശിക പ്രബോധിനി, ഇനോക രണവീര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.