പ്രോട്ടീസ് വനിതകൾക്കിത് മധുരപ്രതികാരം! ഓസീസ് ആധിപത്യം തകർത്ത് ദക്ഷിണാഫ്രിക്ക; വനിത ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ
text_fieldsദുബൈ: വനിത ട്വന്‍റി20 ലോകകപ്പിൽ കരുത്തരായ ആസ്ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ. കഴിഞ്ഞ എട്ടു ലോകകപ്പുകളിൽ ആറു തവണയും ജേതാക്കളായ ഓസീസിനെ സെമി ഫൈനൽ പോരാട്ടത്തിൽ എട്ടു വിക്കറ്റിനാണ് പ്രോട്ടീസ് വനിതകൾ തകർത്തത്.
വനിത ട്വന്‍റി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ ആസ്ട്രേലിയ ഇല്ലാത്ത ആദ്യ ഫൈനലാകും ഇത്തവണത്തേത്. 2009ലെ പ്രഥമ ലോകകപ്പ് മുതൽ ആസ്ട്രേലിയ ഫൈനൽ കളിക്കുന്നുണ്ട്. കഴിഞ്ഞവർഷത്തെ ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ഓസീസിനോടു തോറ്റതിനുള്ള മധുരപ്രതികാരം കൂടിയാണ് പ്രോട്ടീസ് വനിതകളുടെ വിജയം. 2023 ലോകകപ്പ് എഡിഷനിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക 19 റൺസിനാണ് ഫൈനലിൽ ഓസീസിനോട് പരാജയപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തിയത്. സ്കോർ: ഓസീസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ്. ദക്ഷിണാഫ്രിക്ക -17.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ്. വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലെത്തിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർ അനെകി ബോഷാണ് (48 പന്തിൽ 74 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്.
ദക്ഷിണാഫ്രിക്കക്കെതിരെ മുമ്പ് നടന്ന 10 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ ഒമ്പതിലും വിജയിച്ച ഓസീസ് ഇത്തവണയും അനായാസം ജയിച്ചുകയറുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ തകർപ്പൻ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചുവാങ്ങി. പ്രോട്ടീസിന്‍റെ കണിശമായ ബൗളിങ്ങാണ് ഓസീസിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. 42 പന്തിൽ 44 റൺസെടുത്ത ബെത്ത് മൂണിയാണ് ടോപ് സ്കോറർ. എലിസ് പെറി (23 പന്തിൽ 31), ക്യാപ്റ്റൻ തഹ്ലിയ മഗ്രാത്ത് (33 പന്തിൽ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിൽ തസ്മിൻ ബ്രിറ്റ്സിനെ (15) തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്‍റെയും (37 പന്തിൽ 42) അനെകി ബോഷിന്‍റെയും ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 96 റൺസാണ് അടിച്ചെടുത്തത്. വെസ്റ്റിൻഡീസ്-ന്യൂസിലൻഡ് വിജയികളെയാണ് ദുബൈയിൽ 20ന് നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.