വനിത ട്വന്റി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 38 റൺസ് തോൽവി
text_fieldsമുംബൈ: വനിത ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ 38 റൺസ് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷുകാർ 20 ഓവറിൽ ആറ് വിക്കറ്റിന് 197 റൺസടിച്ചു. ഇന്ത്യക്ക് ഇത്രയും ഓവറിൽ ആറ് വിക്കറ്റിന് 159 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപണർ ഡാനി വിയാട്ടിന്റെയും (47 പന്തിൽ 75) നാറ്റ് സിവർ ബ്രണ്ടിന്റെയും (53 പന്തിൽ 77) അർധ ശതകങ്ങളാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. 42 പന്തിൽ 52 റൺസെടുത്ത ഓപണർ ഷഫാലി വർമാണ് ഇന്ത്യൻ ടോപ് സ്കോറർ.
ഇന്ത്യക്കായി രേണുക സിങ്ങും ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്കിൾസ്റ്റോണും മൂന്ന് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ കളിക്ക് ഞായറാഴ്ച വാംഖഡെ സ്റ്റേഡിയംതന്നെ വേദിയാവും. ശെയ്ഖ ഇസ്ഹാഖിനും ശ്രേയങ്ക പാട്ടീലിനും അന്താരാഷ്ട്ര ട്വന്റി20 അരങ്ങേറ്റം ഒരുക്കിയ ഇന്ത്യയുടെ ആദ്യ ഇലവനിൽ മലയാളി താരം മിന്നു മണിക്ക് ഇടംപിടിക്കാനായില്ല. ഇംഗ്ലണ്ട് കുറിച്ച കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയർക്ക് മൂന്നാം ഓവറിൽ ഓപണർ സ്മൃതി മന്ദാനയെ (6) നഷ്ടമായി. സ്മൃതിയെ സിവർ ബ്രണ്ട് ബൗൾഡാക്കുമ്പോൾ സ്കോർ ബോർഡിൽ 20. ആറാം ഓവറിൽ ജെമിമ റോഡ്രിഗസ് (4) ഫ്രെയ കെമ്പിന് വിക്കറ്റ് നൽകി മടങ്ങി. 41 റൺസിനിടെ രണ്ടുപേർ കരക്ക് കയറിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
ഷഫാലിയും ക്യാപ്റ്റൻ ഹർമനും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. 21 പന്തിൽ 26 റൺസെടുത്ത ഹർമനെ 11ാം ഓവറിൽ സോഫി എക്കിൾസ്റ്റോൺ പറഞ്ഞുവിടുമ്പോൾ സ്കോർ 82. റിച്ച ഘോഷിന്റെ വെടിക്കെട്ട് ഇന്ത്യക്ക് പ്രതീക്ഷ നൽകി. 16 പന്തിൽ 21 റൺസ് നേടിയ താരം 15ാം ഓവറിൽ സാറ ഗ്ലെന്നിന് ഇരയായി. 122ൽ നാലാം വിക്കറ്റ്. മറുഭാഗത്ത് പൊരുതിയ ഷഫാലിയുടെ ഇന്നിങ്സ് 17ാം ഓവറിൽ എക്കിൾസ്റ്റോൺ അവസാനിപ്പിച്ചതോടെ ഇന്ത്യ തോൽവി മണത്തു. കനിക അഹൂജ 12 പന്തിൽ 15 റൺസ് ചേർത്ത് മടങ്ങി. 11 പന്തിൽ 11 റൺസുമായി പൂജ വസ്ത്രകാർ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി എക്കിൾസ്റ്റോൺ മൂന്ന് വിക്കറ്റെടുത്തു.
നേരത്തേ, രേണുക സിങ് എറിഞ്ഞ ഒന്നാം ഓവർ ഇംഗ്ലണ്ടിന് കനത്ത പ്രഹരമേകി. നാലാം പന്തിൽ ഓപണർ സോഫിയ ഡങ്ക്ലി (1) ക്ലീൻ ബൗൾഡ്. തൊട്ടടുത്ത പന്തിൽ ആലീസ് കാപ്സേയെ (0) ഗോൾഡൻ ഡക്കാക്കി രേണുക കുറ്റിതെറിപ്പിച്ചുവിട്ടതോടെ സ്കോർ രണ്ട് വിക്കറ്റിന് രണ്ട് റൺസ്. തുടർന്ന് ക്രീസിൽ സംഗമിച്ച വിയാട്ടും സിവർ ബ്രണ്ടും ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റുകയും മികച്ച സ്കോറിലേക്ക് നയിക്കുകയും ചെയ്തു. 16ാം ഓവറിൽ മൂന്നാം വിക്കറ്റ് സഖ്യം തകരുമ്പോൾ ഇംഗ്ലണ്ട് 140ലെത്തിയിരുന്നു. വിയാട്ടിനെ വിക്കറ്റിന് പിറകിൽ റിച്ച ഘോഷ് പിടിച്ച് ശെയ്ഖക്ക് കരിയറിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചു. ക്യാപ്റ്റൻ ഹെതർ നൈറ്റ് ആറ് റൺസുമായി നിൽക്കെ ശ്രേയങ്കയുടെ കന്നി അന്താരാഷ്ട്ര ഇരയായി.
മറുഭാഗത്ത് തകർത്തടിച്ച സിവർ ബ്രണ്ടിനെ 19ാം ഓവറിൽ രേണുകയും റിച്ചയെ ഏൽപിച്ചപ്പോൾ ഇംഗ്ലണ്ട് അഞ്ചിന് 177. ശ്രേയങ്ക എറിഞ്ഞ 20ാം ഓവറിലെ അവസാന പന്തിൽ ആമി ജോൺസിന്റെ (ഒമ്പത് പന്തിൽ 23) വെടിക്കെട്ട് ജെമിമ റോഡ്രിഗസിന്റെ കൈകളിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.