വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ ഇന്ന് വിൻഡീസിനെതിരെ
text_fieldsകേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. വെസ്റ്റിൻഡീസാണ് വൈകീട്ട് 6.30ന് തുടങ്ങുന്ന മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ആദ്യ കളിയിൽ പാകിസ്താനെ തോൽപിച്ച ഇന്ത്യ രണ്ടു പോയന്റുമായി ഗ്രൂപ് രണ്ടിൽ രണ്ടാമതാണ്. രണ്ടു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ടാണ് മുന്നിൽ.
ആദ്യ കളിയിൽ ഇംഗ്ലണ്ടിനോട് തോറ്റ വിൻഡീസിന് അക്കൗണ്ട് തുറക്കാനായിട്ടില്ല. പരിക്കുമൂലം ആദ്യ കളിയിൽ പുറത്തിരുന്ന ഉപനായിക സ്മൃതി മന്ദാന ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന. ബാറ്റിങ് ഓർഡറിന്റെ തലപ്പത്ത് മന്ദാനയുടെ വരവ് ഇന്ത്യയുടെ ഉശിരുകൂട്ടും. പാകിസ്താനെതിരെ മികച്ച ചേസിങ്ങുമായായിരുന്നു ഇന്ത്യയുടെ ജയം.
ജമീമ റോഡ്രിഗ്വസാണ് തകർപ്പൻ ബാറ്റിങ്ങുമായി വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. റിച്ച ഘോഷും നല്ല പിന്തുണ നൽകി. ഇവർക്കൊപ്പം മന്ദാനയും നായിക ഹർമൻപ്രീത് കൗറും ഷെഫാലി വർമയും കൂടി ഫോമിലായാൽ ഇന്ത്യ കുതിക്കും. ഇന്നത്തെ മറ്റൊരു കളിയിൽ അയർലൻഡ് പാകിസ്താനെ നേരിടും.
ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും ജയം
പാൽ (ദക്ഷിണാഫ്രിക്ക): വനിത ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും ജയം. ഗ്രൂപ് ഒന്നിൽ ദക്ഷിണാഫ്രിക്ക 65 റൺസിന് ന്യൂസിലൻഡിനെയും ഗ്രൂപ് രണ്ടിൽ ഇംഗ്ലണ്ട് നാലു വിക്കറ്റിന് അയർലൻഡിനെയുമാണ് തോൽപിച്ചത്. അയർലൻഡിനെ 105 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് 14.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകാണുകയായിരുന്നു. ആറു വിക്കറ്റിന് 132 റൺസെടുത്ത ദക്ഷിണാഫ്രിക്ക കിവീസ് ഇന്നിങ്സ് 67 റൺസിലൊതുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.