വനിത ലോകകപ്പ്: ഇന്ത്യക്കിന്ന് നിർണായകം
text_fieldsക്രൈസ്റ്റ്ചർച്ച്: വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യക്ക് ജീവന്മരണ പോരാട്ടം. ലീഗ് റൗണ്ടിലെ അവസാന കളിയിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യക്ക് ജയിച്ചാൽ സെമി ഫൈനലിലേക്ക് മുന്നേറാം. മത്സരം ഉപേക്ഷിച്ചാലും സെമി ഉറപ്പ്. തോറ്റാൽ, സാധ്യത നന്നേ കുറവ്.
ആസ്ട്രേലിയയും (14) ദക്ഷിണാഫ്രിക്കയുമാണ് (9) സെമിയുറപ്പിച്ചവർ. വെസ്റ്റിൻഡീസ് (7) ആണ് മൂന്നാമത്. ആറു പോയന്റുമായി ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലൻഡ് ടീമുകളാണ് തുടർസ്ഥാനങ്ങളിൽ. റൺശരാശരിയുടെ മികവിൽ ഇംഗ്ലണ്ടാണ് നിലവിൽ നാലാമത്. ഇന്ത്യ അഞ്ചാമതും. മത്സരങ്ങൾ അവസാനിച്ചതിനാൽ ആറാമതുള്ള കിവീസിന് സാധ്യതയില്ല. വിൻഡീസിന്റെ കളികളും കഴിഞ്ഞു.
ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാൽ എട്ടു പോയന്റോടെ സെമിയുറപ്പിക്കാം. മത്സരം ഉപേക്ഷിക്കപ്പെട്ടാലും വിൻഡീസിനെക്കാൾ റൺശരാശരിയുള്ളതിനാൽ മുന്നേറാം. തോറ്റാൽ ഏറക്കുറെ പുറത്താണ്. അല്ലെങ്കിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനോട് തോൽക്കുകയും റൺശരാശരിയിൽ പിറകിലാവുകയും വേണം.
ആറു കളികളിൽ മൂന്നെണ്ണം വീതം ജയിക്കുകയും തോൽക്കുകയും ചെയ്ത ഇന്ത്യയുടെ പ്രശ്നം സ്ഥിരതയില്ലായ്മയാണ്. ബാറ്റിങ്ങിൽ പരിചയസമ്പന്നരായ നായിക മിതാലി രാജ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന തുടങ്ങിയവർ തിളങ്ങിയാൽ ഇന്ത്യ തിളങ്ങും. ജുലാൻ ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ബൗളിങ്ങും അവസരത്തിനൊത്തുയരണം. സെമി കാണാതെ പുറത്തായവരുടെ മത്സരത്തിൽ ന്യൂസിലൻഡ് 71 റൺസിന് പാകിസ്താനെ തോൽപിച്ചു. ആദ്യം ബാറ്റുചെയ്ത് എട്ടിന് 265 റൺസെടുത്ത കിവീസ് പാകിസ്താനെ ഒമ്പതിന് 194ലൊതുക്കി. സെഞ്ച്വറി നേടിയ സൂസി ബെയ്റ്റ്സും (126) അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹന്ന റോവുമാണ് കിവീസിന് ജയം അനായാസമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.