ലോകകപ്പ് ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് സമാപനം
text_fieldsബംഗളൂരു: ഒക്ടോബർ അഞ്ചിന് ആരംഭിച്ച ഏകദിന ലോകകപ്പിലെ ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ഞായറാഴ്ച സമാപനമാവുന്നു. കുഞ്ഞന്മാരും അട്ടിമറി വീരന്മാരുമായ നെതർലൻഡ്സ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇന്ത്യയെ നേരിട്ട് കഴിഞ്ഞാൽ ബാക്കിയുള്ളത് രണ്ട് സെമി ഫൈനലുകളും കലാശക്കളിയും മാത്രം.
എട്ടിൽ എട്ടും ജയിച്ച് റെക്കോഡിനൊപ്പമെത്തിയ രോഹിത് ശർമയും സംഘവും ഡച്ചുകാരെയും തോൽപിച്ചാൽ അത് ചരിത്രപുസ്തകത്തിൽ ഇടം നേടും. 2003ലെ അപരാജിത യാത്രയിൽ എട്ട് മത്സരങ്ങളിലെ തുടർച്ചയായ വിജയമായിരുന്നു ഇന്ത്യയുടെ ലോകകപ്പ് റെക്കോഡ്. ഇക്കുറി അതിനൊപ്പമെത്തി.
ഇന്നത്തെ കളിയുടെ ഫലവും അനുകൂലമായാൽ 2003ൽ സൗരവ് ഗാംഗുലിയുടെ ടീം സ്ഥാപിച്ച റെക്കോഡ് മറികടക്കാൻ രോഹിതിനാവും. ഇക്കാര്യത്തിൽ ലോകത്ത് ഒന്നാമന്മാർ ആസ്ട്രേലിയയാണ്. 2003ൽ ഇവർ 11 മത്സര റെക്കോഡുമായി കിരീടവുമായാണ് മടങ്ങിയത്. ലോകകപ്പിൽ പങ്കെടുത്ത മുഴുവൻ ടീമുകളെയും തോൽപിച്ചവരെന്ന നേട്ടം കൂടി ഇന്ത്യക്ക് സ്വന്തമാവും ഇന്നത്തെ ജയത്തോടെ.
ബുധനാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം സെമി ഫൈനലിൽ ന്യുൂസിലൻഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. പോയന്റ് പട്ടികയിൽ വെല്ലുവിളികളില്ലാതെ ഒന്നാം സ്ഥാനം ഉറപ്പിച്ച ടീമിന് സെമിക്കുള്ള തയാറെടുപ്പ് കൂടിയാണ് ഓറഞ്ച് പടക്കെതിരെയുള്ള മത്സരം.
ദക്ഷിണാഫ്രിക്കയെ മറിച്ചിട്ട് ഞെട്ടിച്ച നെതർലൻഡ്സ് ബംഗ്ലാദേശിനെയും തോൽപിച്ചെങ്കിലും നാല് പോയന്റുമായി പത്താം സ്ഥാനത്താണ്. സെമിക്ക് മുമ്പ് ഇന്ത്യ ചിലർക്ക് വിശ്രമം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയ ഇലവനെ നിലനിർത്തുമെന്ന സൂചനയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് നൽകിയത്. ‘‘സത്യസന്ധമായി പറഞ്ഞാൽ, കഴിഞ്ഞ കളിക്ക് ശേഷം ഞങ്ങൾക്ക് ആറ് ദിവസത്തെ അവധി ലഭിച്ചു.
അതിനാൽ, ഞങ്ങൾ നല്ല വിശ്രമത്തിലാണ്. സെമിഫൈനലിന് മുമ്പ് ഞങ്ങൾക്ക് ഒരു ഗെയിം കൂടി ലഭിക്കുന്നു. എല്ലാവരും ഉന്മേഷവാന്മാരാണ്. കൂടുതൽ പറയുന്നില്ല’’-എന്നായിരുന്നു ദ്രാവിഡിന്റെ വാക്കുകൾ. മറ്റൊരു അട്ടിമറിയിലൂടെ എട്ടാം സ്ഥാനത്തേക്കെങ്കിലുമുയർന്ന് ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടുകയെന്ന സ്വപ്നമാണ് നെതർലൻഡ്സിന് അവശേഷിക്കുന്നത്.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ശാർദുൽ ഠാകുർ, രവിചന്ദ്രൻ അശ്വിൻ, ഇശാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ,
നെതർലൻഡ്സ്: സ്കോട്ട് എഡ്വേർഡ്സ് (ക്യാപ്റ്റൻ), മാക്സ് ഒ ഡൗഡ്, ബാസ് ഡി ലീഡ്, വിക്രം സിങ്, തേജ നിദാമാനുരു, പോൾ വാൻ മീകെരെൻ, കോളിൻ അക്കർമാൻ, റോലോഫ് വാൻ ഡെർ മെർവെ, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, റയാൻ ക്ലീൻ, വെസ്ലി ബറേസി, സാഖിബ് സുൽഫിഖർ, ഷാരിസ് അഹമ്മദ്, സിബ്രാൻഡ് എംഗൽബ്രെക്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.