സന്നാഹം: കംഗാരുക്കളെ പിടിച്ചുകെട്ടി ഡച്ച് പട
text_fieldsതിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുകളിൽ പറ്റിക്കൂടിയ കാർമേഘങ്ങൾ അവസാന നിമിഷം മഴക്കളിയിൽനിന്ന് പിന്മാറിയപ്പോൾ കാര്യവട്ടത്തെ രണ്ടാം ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിൽ ആസ്ട്രേലിയയെ പിടിച്ചുകെട്ടി നെതർലൻഡ്സ്. മഴമൂലം 23 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയക്ക് നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നെതർലൻഡ്സിനായി ലോഗൻ വാൻ ബീക്ക്, വാൻ ഡെർ മെർവ്, ഡീ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ടോസ് ഭാഗ്യം ലഭിച്ച ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് വാർണറിനും മിച്ചൽ മാർഷിനും വിശ്രമം അനുവദിച്ചതോടെ സ്റ്റീവ് സ്മിത്തും ജോഷ് ഇഗ്ലീസുമായിരുന്നു അക്കൗണ്ട് തുറക്കാൻ ആദ്യം ക്രീസിലെത്തിയത്. എന്നാൽ, പച്ചപ്പാടത്ത് കാലുറക്കുംമുമ്പേ ഇഗ്ലീസിന്റെ (പൂജ്യം) കുറ്റി നെതർലൻഡ്സിന്റെ ഫാസ്റ്റ് ബൗളർ ലോഗൻ വാൻ ബീക്ക് പിഴുതെറിഞ്ഞു. മൂന്നാമനായി ക്രീസിലെത്തിയ അലക്സ് ക്യാരി സ്മിത്തിനെ കൂട്ടുപിടിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും സ്കോർ 59ൽ നിൽക്കെ ക്യാരിയുടെ (28) ഓഫ് സ്റ്റമ്പ് വാൻ ഡർ മെർവ് തകർത്തു. പിന്നാലെയെത്തിയ കൂറ്റനടിക്കാരൻ മാക്സ് വെല്ലിനും ഡച്ച് പടക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഷരീസ് അഹമ്മദിനെ ലോങ് ഓണിനുമുകളിലേക്ക് പറത്താനുള്ള മാക്സ് വെല്ലിന്റെ (അഞ്ച്) ശ്രമം വാൻ ബീക്കിന്റെ കൈയിൽ അവസാനിക്കുകയായിരുന്നു.
മറുവശത്ത് സ്മിത്ത് ആക്രമിച്ച് കയറുകയായിരുന്നു. നെതർലൻഡ്സ്, ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച മുൻ നായകൻ കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച് 14ാം ഓവറിൽ സ്കോർ നൂറുകടത്തി. അർധ സെഞ്ച്വറി പിന്നിട്ടതിനുപിന്നാലെ വാൻ ഡെർമെർവിനെ കയറിയടിക്കാനുള്ള ശ്രമത്തിൽ സ്മിത്തിനെ (42 പന്തിൽ 55) ഡച്ച് ക്യാപ്റ്റൻ സ്കോട്ട് എഡ്വേഡ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു മുൻ നായകന്റെ ഇന്നിങ്സ്. ഓൾ റൗണ്ടർ കാമറൂൺ ഗ്രീനും (34) അവസാന ഓവറുകളിൽ മിച്ചൽ സ്റ്റാർക്കും (24*) നടത്തിയ പോരാട്ടമാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.