വൻ വിജയങ്ങളിൽ മനംമാറ്റമില്ല; വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നവീനുൽ ഹഖ്
text_fieldsമുംബൈ: ലോകക്രിക്കറ്റിലെ മുൻ ചാമ്പ്യന്മാരെ അട്ടിമറിച്ചതിന്‍റെ ആഘോഷത്തിലാണ് അഫ്ഗാൻ ക്രിക്കറ്റ് ആരാധകർ. കഴിഞ്ഞ തവണത്തെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും, ഇന്നലത്തെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ പാകിസ്താനെയുമാണ് അഫ്ഗാനിസ്താൻ തോൽപ്പിച്ചത്. പാകിസ്താനെതിരെ ഇന്നലെ അഫ്ഗാൻ പുറത്തെടുത്ത കളിമികവിനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
അതേസമയം, മികച്ച വിജയങ്ങൾ സ്വന്തമാക്കിയെങ്കിലും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തന്‍റെ മുൻ തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഫ്ഗാന്‍റെ പേസ് ബൗളർ നവീനുൽ ഹഖ്. ലോകകപ്പിന് ശേഷം ഏകദിനത്തിൽ നിന്ന് വിരമിക്കുമെന്ന് 24കാരനായ താരം സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു.
'ഏകദിനത്തിൽ നിന്ന് വിരമിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞു. അതിൽ ഒരു മാറ്റവുമില്ല. പാകിസ്താനെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയതിലൂടെ എക്കാലവും ഓർത്തുവെക്കാവുന്ന ഒരു ലോകകപ്പാണ് എനിക്കിത്. വരാനിരിക്കുന്ന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ' -നവീൻ ഇന്നലത്തെ മത്സരശേഷം പറഞ്ഞു.
2016ൽ അഫ്ഗാനിസ്ഥാനുവേണ്ടി ഏകദിനത്തിൽ അരങ്ങേറിയ നവീൻ, 2021 ജനുവരിക്കു ശേഷം ഏകദിന ക്രിക്കറ്റ് കളിച്ചിരുന്നില്ല. എന്നാൽ ലോകകപ്പിനുള്ള അഫ്ഗാൻ ടീമിൽ താരം ഇടം നേടി. ട്വന്‍റി20 കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഏകദിനം മതിയാക്കുന്നതെന്നും ദീർഘമായൊരു കരിയറിനു വേണ്ടിയാണ് കഠിനമായ തീരുമാനമെന്നും താരം വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നോ സൂപ്പർ ജയന്റ്സിന്‍റെ താരമായ നവീന് ഇന്ത്യയിൽ ഏറെ ആരാധകരുണ്ട്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ താരം വിരാട് കോഹ്ലിയുമായി ഗ്രൗണ്ടിൽവച്ച് തർക്കിച്ചതിനെ തുടർന്ന് നവീൻ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ, ലോകകപ്പിൽ കോഹ്ലിയും നവീനും ഒരുമിച്ച് സൗഹൃദം പങ്കിട്ട ദൃശ്യങ്ങൾ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.