ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇന്ത്യ ഫോളോ ഓൺ ഭീഷണിയിൽ
text_fieldsലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളിനിർത്തുമ്പോൾ 38 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ്. നിലയുറപ്പിക്കും മുൻപെ ഓപണർമാരായ രോഹിത് ശർമയും (15) ശുഭ്മാൻ ഗില്ലും (13) പുറത്തായി. ഒസീസ് ബൗളിങ്ങിന് മുന്നിൽ പ്രതിരോധിക്കാനാവാതെ കരുത്തരായ ചേതേശ്വർ പുജാരയും (15) വിരാട് കോഹ്ലിയും (14) മടങ്ങിയതോടെ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങിലിലായി. തുടർന്ന് അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. വെടിക്കെട്ട് മൂഡിലായിലുരുന്ന രവീന്ദ്രജഡേജ 51 പന്തിൽ 48 റൺസെടുത്ത് പുറത്തായി. 29 റൺസെടുത്ത അജിങ്ക്യ രഹാനെയും അഞ്ചു റൺസുമായി ശ്രീകാർ ഭരതുമാണ് ക്രീസിൽ.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ആസ്ട്രേലിയ 469 പുറത്തായി. 142 റൺകൂടി ചേർക്കുന്നതിനിടെ ഏഴുവിക്കറ്റുകളാണ് വീണത്. ആദ്യദിനം സെഞ്ച്വറി പൂർത്തിയാക്കിയ ട്രാവിസ് ഹെഡ് 163 പുറത്തായി. മുഹമ്മദ് സിറാജാണ് ഹെഡിനെ മടക്കിയത്. 95 റൺസുമായി രണ്ടാം ദിനം കളി ആരംഭിച്ച സ്റ്റീവൻ സ്മിത്ത് 121 റൺസെടുത്ത് ഷർദുൽ താക്കൂറിന്റെ പന്തിൽ പുറത്തായി. 48 റൺസെടുത്ത അലെക്സ് ക്യാരി മാത്രമാണ് പിന്നീട് രണ്ടക്കം തികച്ച ബാറ്റർ.
മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. സിറാജ് ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റ് തികച്ചു. ആസ്ട്രേലിയൻ ബാറ്റർ നതാൻ ലിയോണിനെ ബൗൾഡാക്കിയാണ് ഹൈദരാബാദുകാരൻ വിക്കറ്റ് വേട്ടയിൽ അർധശതകത്തിലെത്തിയത്. മുഹമ്മദ് ഷമി, ഷർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.