ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യ; അശ്വിൻ പുറത്ത്
text_fieldsലണ്ടൻ: ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. നാല് ഫാസ്റ്റ് ബൗളർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവരാണ് ഓവലിൽ വേഗത കൊണ്ട് എതിരാളികളെ എറിഞ്ഞിടാൻ നിയോഗിക്കപ്പെട്ടവർ. സ്പിൻ ആൾറൗണ്ടറായി രവീന്ദ്ര ജദേജ ടീമിൽ ഇടം പിടിച്ചപ്പോൾ രവിചന്ദ്രൻ അശ്വിൻ പുറത്തായി.
രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഓപണർമാരായി എത്തുമ്പോൾ ചേതേശ്വർ പൂജാര വൺഡൗണായും വിരാട് കോഹ്‍ലി നാലാമനായും ഇറങ്ങും. അജിൻക്യ രഹാനെയും വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതും ആണ് ടീമിൽ ഇടം പിടിച്ച മറ്റുള്ളവർ. ലണ്ടനിലെ ഓവലിൽ നടക്കുന്ന കലാശപ്പോരിൽ ക്രിസ് ഗഫാനി, റിച്ചാർഡ് ഇല്ലിങ്‍വർത്ത് എന്നിവരാണ് മത്സരം നിയന്ത്രിക്കുക.
പേസ് ബൗളർമാർക്ക് അനൂകൂലമായ പിച്ചാണ് ഓവലിലേത്. 14 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിച്ചത്. ഇതിൽ രണ്ടെണ്ണത്തിലാണ് ജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങൾ സമനിലയിലായപ്പോൾ രണ്ട് മത്സരങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. ആസ്‌ത്രേലിയ ഓവലിൽ 38 മത്സരങ്ങൾ കളിച്ചപ്പോൾ ഏഴെണ്ണത്തിലാണ് ജയിക്കാനായത്. 17 മത്സരങ്ങളിൽ പരാജയപ്പെട്ടു. 14 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (2019-21) ഫൈനൽ വരെ എത്തിയെങ്കിലും ന്യൂസിലൻഡിനോട് തോൽക്കുകയായിരുന്നു ഇന്ത്യ. ഇത്തവണ ജയിക്കാനുറച്ച് രോഹിത് ശർമക്ക് കീഴിൽ പുത്തൻ ജഴ്സിയിലാണ് ടീം അണിനിരക്കുന്നത്. പാറ്റ് കമ്മിൻസ് നയിക്കുന്ന ആസ്ട്രേലിയക്ക് ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയോട് തുടർച്ചയായി നേരിടേണ്ടി വന്ന പരമ്പര തോൽവികൾക്ക് പകരം ചോദിക്കുകയെന്ന ലക്ഷ്യം കുടിയുണ്ട്. മത്സരം സമനിലയിലായാൽ കിരീടം ഇന്ത്യയും ആസ്ട്രേലിയയും പങ്കുവെക്കും. പതിറ്റാണ്ടായി ഇന്ത്യക്ക് ഐ.സി.സി ട്രോഫിയൊന്നും ലഭിച്ചിട്ടില്ല. 2013ൽ ഇംഗ്ലണ്ടിൽ വെച്ച് ചാമ്പ്യൻസ് ട്രോഫിയിൽ ജേതാക്കളായ ശേഷം തുടങ്ങിയ കിരീട ദാരിദ്ര്യമാണ് ഇന്ത്യക്ക്.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജിൻക്യ രഹാനെ, ശ്രീകർ ഭരത്, രവീന്ദ്ര ജദേജ, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ആസ്ട്രേലിയ: ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, മാർനസ് ലബൂഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് ക്യാരി, മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, നതാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.