ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്: ഒന്നാംസ്ഥാനത്തേക്ക് കയറി ദക്ഷിണാഫ്രിക്ക
text_fieldsദുബൈ: ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറി. ആസ്ട്രേലിയയെ രണ്ടാമതാക്കിയാണ് പ്രോട്ടീസിന്റെ മുന്നേറ്റം. ദക്ഷിണാഫ്രിക്കയുടെ പോയന്റ് ശതമാനം 63.33ലേക്ക് ഉയർന്നപ്പോൾ ഓസീസിന്റേത് 60.71 ആണ്. മൂന്നാം സ്ഥാനക്കാരായ ഇന്ത്യയുടേത് 57.29ഉം. നാട്ടിൽ പാകിസ്താനെതിരായ പരമ്പരയും തുടങ്ങാനിരിക്കെ ദക്ഷിണാഫ്രിക്കയുടെ ലോക ചാമ്പ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾ സജീവമായി.
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ 0-3ന് തോറ്റമ്പിയതും അഡലെയ്ഡ് ടെസ്റ്റിൽ ഓസീസിനോട് തോൽവി ഏറ്റുവാങ്ങിയതുമാണ് ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് വീഴ്ത്തിയത്. ദക്ഷിണാഫ്രിക്ക മുന്നേറുന്നത് രോഹിത് ശർമക്കും സംഘത്തിനും തിരിച്ചടിയാണ്. നിലവിലെ ചാമ്പ്യന്മാർ കൂടിയായ ആസ്ട്രേലിയയോട് ശേഷിക്കുന്ന മൂന്നിൽ രണ്ട് മത്സരങ്ങളെങ്കിലും ജയിക്കൽ ഇതോടെ ഇന്ത്യക്ക് അനിവാര്യമായി. അല്ലാത്ത പക്ഷം ദക്ഷിണാഫ്രിക്ക-ആസ്ട്രേലിയ ഫൈനലിന് വഴിതെളിയും.
ലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
ക്വെബർഹ (ദക്ഷിണാഫ്രിക്ക): ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 109 റൺസ് ജയം. ഇതോടെ പരമ്പര പ്രോട്ടീസ് 2-0ത്തിന് തൂത്തുവാരി. ആതിഥേയർ കുറിച്ച 348 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക അഞ്ചാം നാൾ രണ്ടാം ഇന്നിങ്സിൽ 238ന് പുറത്തായി. സ്പിന്നർ കേശവ് മഹാരാജാണ് സന്ദർശകരെ തകർത്തവരിൽ പ്രധാനി. സ്കോർ: ദക്ഷിണാഫ്രിക്ക 358 & 317, ശ്രീലങ്ക 328 & 238.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.