'ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യൂ'; ബംഗ്ലാദേശിനെ ട്രോളി നെറ്റിസൺസ് - വിഡിയോ
text_fieldsന്യൂസിലാൻഡിനെതിരായ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റുകയാണ് ബാംഗ്ലാദേശ്. ഒന്നാം ടെസ്റ്റിൽ വിജയപ്രതീക്ഷയിലാണ് ബംഗാൾ കടുവകൾ.
അതേസമയം, ബംഗ്ലാദേശിന്‍റെ ഡി.ആർ.എസുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. വളരെ മോശം റിവ്യൂകളാണ് സന്ദർശക ടീമിന്‍റെ ഭാഗത്തുനിന്ന് ഉയരുന്നതെന്ന് ആരാധകർ ആക്ഷേപിക്കുന്നു.
ഇതിനുദാഹരണമാണ് ന്യൂസിലൻഡ് ഇന്നിംഗ്‌സിന്‍റെ 37ാം ഓവറിൽ സംഭവിച്ചത്. റോസ് ടെയ്‌ലറിനെതിരെ തസ്കിൻ അഹമ്മദും മറ്റ് ബംഗ്ലാദേശ് താരങ്ങളും എൽ.ബി.ഡബ്ല്യുവിന് അപ്പീൽ ചെയ്തു. അമ്പയർ നോട്ടൗട്ട് നൽകി. എന്നാൽ, ഡി.ആർ.എസ് ടൈമർ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ബംഗ്ലാദേശ് ക്യാപ്റ്റൻ മൊമീനുൽ ഹക്ക് റിവ്യൂ എടുത്തു.
റീപ്ലേകളിൽ പന്ത് ബാറ്റിന്‍റെ മധ്യത്തിൽ തട്ടിയതായാണ് കാണിക്കുന്നത്. പാഡിൽ തട്ടിയില്ല എന്ന് മാത്രമല്ല, കാലും ബാറ്റും തമ്മിൽ ചെറിയ അകലത്തിലുമായിരുന്നു. റീേപ്ല വീഡിയോ കണ്ട് കമന്ററേറ്റർമാർ ചിരിക്കുന്നത് കേൾക്കാമായിരുന്നു. ഈ അപ്പീൽ നഷ്ടപ്പെട്ടതോടെ ബംഗ്ലാദേശിന്‍റെ എല്ലാ റിവ്യുകളും അവസാനിക്കുകയും ചെയ്തു.
റിവ്യൂവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.പലരും ഇതിനെ ട്രോളാൻ തുടങ്ങി. 'ബംഗ്ലാദേശിൽ നിന്നുള്ള മികച്ച റിവ്യൂ' എന്നാണ് പരിഹാസരൂപേണ ഒരാൾ പറഞ്ഞത്. ബംഗ്ലാദേശിന്‍റെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മോശം റിവ്യൂ ആണ് ഇതെന്ന് മറ്റൊരാൾ രേഖപ്പെടുത്തി. ഈ റിവ്യൂ ചരിത്രപുസ്തകങ്ങളിൽ ഇടംപിടിക്കുമെന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു.
ന്യൂസിലാൻഡിലെ ബേ ഓവലിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്‍റെ നാലാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലാണ്. 17 റൺസിന്‍റെ ലീഡ് മാത്രമാണ് കിവികൾക്കുള്ളത്. ന്യൂസിലൻഡിനെ ഒന്നാം ഇന്നിംഗ്‌സിൽ 328 റൺസിന് പുറത്താക്കിയ ശേഷം, സന്ദർശകർ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ 458 റൺസെടുത്തിരുന്നു. 130 റൺസിന്‍റെ നിർണായക ലീഡും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.