'കേട്ടതിൽ ഏറ്റവും മോശം''- പാക് സൂപർ ലീഗ് ഗാനത്തെ ട്രോളി ശുഐബ് അക്തർ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ സൂപർ ലീഗ് ആറാം സീസണിന് ആരവുമുയരാൻ ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ ഔദ്യോഗികമായി ഇറങ്ങിയ ഗാനം പുറത്ത് ഹിറ്റാണെങ്കിലും കടുത്ത വിമർശനവുമായി മുൻ പാക് പേസർ ശുഐബ് അക്തർ. പ്രമുഖ റാപ് ബാൻഡായ യങ് സ്റ്റണ്ണേഴ്സ്, ഗായകരായ നസീബോ ലാൽ, ഐമ ബെയ്ഗ് തുടങ്ങിയവരെ അണിനിരത്തി 'ഗ്രൂവ് മേര' എന്ന പേരിൽ എത്തിയ ഗാനം ഒട്ടും ശരിയായില്ലെന്നും കുറച്ചെങ്കിലും നന്നാക്കാമായിരുന്നുവെന്നും പറയുന്നു, അക്തർ.
''ശരിക്കും ചെരിപ്പണിയാതെ ചുട്ടുപൊള്ളുന്ന മണൽതരിയിൽ നടക്കാൻ നിർബദ്ധനാകുംപോലെയാണിത്''- റാവൽപിണ്ടി എക്സ്പ്രസ് പറയുന്നു. ആദ്യ പ്രതികരണം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി ട്വിറ്ററിലെത്തിയ താരം സൂപർ ലീഗ് ഓരോ തവണയും പിറകോട്ടാണെന്നു കൂടി കുറ്റപ്പെടുത്തി. ഇവയൊക്കെ ഉണ്ടാക്കിയത് ആരെന്ന് വ്യക്തമാക്കണമെന്നും അക്തർ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരണം അതിവേഗം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരും അല്ലാത്തവരും രംഗത്തെത്തി.
ഫെബ്രുവരി ആറിന് പ്രകാശനം ചെയ്ത വിഡിയോ ഇതുവരെ യൂ ടൂബിൽ 25 ലക്ഷത്തിലേറെ പേർ കണ്ടിട്ടുണ്ട്. വഹാബ് റിയാസ് ഉൾപെടെ താരങ്ങൾക്ക് കൂടി അവസരം നൽകിയാണ് വിഡിയോ തയാറാക്കിയത്.
ഫെബ്രുവരി 20ന് കറാച്ചി നാഷനൽ സ്റ്റേഡിയത്തിലാണ് പാകിസ്താൻ സൂപർ ലീഗിന് കിക്കോഫ്. കറാച്ചി കിങ്സും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലാണ് ആദ്യ ട്വൻറി20 മത്സരം. നിലവിലെ ജേതാക്കളാണ് കറാച്ചി കിങ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.