ഇന്ത്യൻ പരിശീലകനാവാൻ ഇഷ്ടമാണ്, പക്ഷേ...; ബി.സി.സി.ഐ ക്ഷണം നിരസിക്കാൻ കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനുള്ള ബി.സി.സി.ഐയുടെ ക്ഷണം നിരസിച്ച കാര്യം സ്ഥിരീകരിച്ച് മുൻ ആസ്ട്രേലിയൻ ക്യാപ്റ്റനും ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസ് മുഖ്യ കോച്ചുമായ റിക്കി പോണ്ടിങ്. ട്വന്റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുന്നതിനാൽ പരിശീലക നിയമനത്തിന് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഐ.പി.എല്ലിനിടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംഭാഷണം നടന്നിരുന്നെന്നും എന്നാൽ, ഒരു ദേശീയ ടീമിന്റെ പരിശീലകനെന്നത് വർഷത്തിൽ 10-11 മാസം ചെലവഴിക്കേണ്ട ഉത്തരവാദിത്തമായതിനാൽ ഏറ്റെടുക്കാൻ പ്രയാസമറിയിക്കുകയായിരുന്നെന്നുമാണ് പോണ്ടിങ് അറിയിച്ചത്.
‘സാധാരണയായി, ഇത്തരം കാര്യങ്ങൾ നമ്മൾ അറിയുന്നതിന് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരാറുണ്ട്. എന്നാൽ, ഐ.പി.എൽ സമയത്ത് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചില സംഭാഷണങ്ങൾ നടന്നിരുന്നു. ഒരു ദേശീയ ടീമിന്റെ സീനിയർ കോച്ചാകാൻ എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ, എന്റെ ജീവിതത്തിലെ മറ്റു കാര്യങ്ങൾക്കൊപ്പം വീട്ടിൽ കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ എന്നത് വർഷത്തിൽ 10-11 മാസത്തെ ജോലിയാണ്. ഞാനത് ഏറ്റെടുത്താൽ എന്റെ ജീവിതശൈലിയുമായും ഇപ്പോൾ ആസ്വദിക്കുന്ന മറ്റു കാര്യങ്ങളുമായും പൊരുത്തപ്പെടില്ല. ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയാണെങ്കിൽ ഐ.പി.എൽ ടീമിനൊപ്പം നിൽക്കാനും കഴിയില്ല’ -പോണ്ടിങ് വിശദീകരിച്ചു.
കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും മികവ് പ്രകടിപ്പിച്ചതിനാൽ ബി.സി.സി.ഐയുടെ പ്രധാന പരിഗണനയിലുള്ള പേരുകളിലൊന്നായിരുന്നു പോണ്ടിങ്ങിന്റേത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ഗൗതം ഗംഭീർ, ലഖ്നോ സൂപ്പർ ജയന്റ്സ് മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ, ചെന്നൈ സൂപ്പർ കിങ്സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലമിങ്, മുംബൈ ഇന്ത്യൻസ് ഡയറക്ടർ മഹേല ജയവർധനെ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ. മേയ് 27 ആണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയായി ബി.സി.സി.ഐ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.