വനിത പ്രീമിയർ ലീഗ്; ഡൽഹി-മുംബൈ ഫൈനൽ ഇന്ന്
text_fieldsമുംബൈ: പ്രഥമ വനിത പ്രീമിയർ ലീഗ് (ഡബ്ല്യു.പി.എൽ) ഫൈനലിൽ ഞായറാഴ്ച ഡൽഹി കാപിറ്റൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈയും ആസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്റെ നായകത്വത്തിലിറങ്ങുന്ന ഡൽഹിയും കൊമ്പുകോർക്കുമ്പോൾ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ പൊടിപാറും. ഞായറാഴ്ച വൈകീട്ട് 7.30നാണ് കലാശപ്പോര്.
ടൂർണമെന്റിന്റെ തുടക്കത്തിൽ ആളിക്കത്തിയശേഷം നിറംമങ്ങിയ മുംബൈ ഒടുവിൽ എലിമിനേറ്റർ വഴിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. പതിഞ്ഞ തുടക്കത്തിനുശേഷം കത്തിക്കയറിയ ഡൽഹി നേരിട്ട് ഫൈനലിൽ ഇടമുറപ്പിക്കുകയായിരുന്നു. ഗ്രൂപ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടു കൂട്ടർക്കും ഓരോ ജയമുണ്ട്. ഇംഗ്ലണ്ട് താരം നാറ്റ് സീവർ ബ്രന്റിന്റെയും (272 റൺസ്, 10 വിക്കറ്റ്) വിൻഡീസ് താരം ഹെയ്ലി മാത്യൂസിന്റെയും (258 റൺസ്, 13 വിക്കറ്റ്) ഓൾറൗണ്ട് മികവാണ് മുംബൈയുടെ കരുത്ത്. തുടക്കത്തിലെ മികവിനുശേഷം മങ്ങിയ ക്യാപ്റ്റൻ ഹർമൻ പ്രീതിന്റെ ഫോമാണ് മുംബൈയെ കുഴക്കുന്നത്. ബൗളിങ്ങിൽ ശൈഖ ഇസ്ഹാഖ് (15 വിക്കറ്റ്), ഇസബെല്ല വോങ് (13), അമേലിയ കെർ (12) എന്നിവരാണ് മുംബൈയുടെ പ്രധാനികൾ.
ടൂർണമെന്റിലെ ടോപ്സ്കോററായ ലാനിങ് (310) തന്നെയാണ് ഡൽഹി ബാറ്റിങ്ങിന്റെ നട്ടെല്ല്. ദക്ഷിണാഫ്രിക്കയുടെ മരിസാൻ കാപ്പിന്റെ (159 റൺസ്, ഒമ്പത് വിക്കറ്റ്) ഓൾറൗണ്ട് പ്രകടനവും ഇംഗ്ലീഷുകാരി ആലീസ് കാപ്സിയുടെ പവർ ഹിറ്റിങ്ങും ഡൽഹിക്ക് മുതൽകൂട്ടാവും. ശഫാലി വർമ, ജമീമ റോഡ്രിഗ്വസ് എന്നീ ഇന്ത്യക്കാരികളുടെ പ്രകടനവും നിർണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.