ബെംഗളൂരുവിനെ വീഴ്ത്തി പ്ലേ ഓഫ് പ്രവേശനം ഉറപ്പിച്ച് ഡെൽഹി ക്യാപിറ്റൽസ്
text_fieldsവനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മികച്ച വിജയം സ്വന്തമാക്കി ഡെൽഹി ക്യാപിറ്റൽസ്. ആർ.സി.ബിയുടെ തട്ടകമായ ചിന്നസ്വാമിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ഡെൽഹിയുടെ വിജയം. ബെംഗളൂരു ഉയർത്തിയ 148 റൺസ് 15.3 ഓവറില്‍ കേവലം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡെൽഹി മറികടന്നു. വിജയത്തോടെ ഡബ്ല്യു.പി.എല്‍ 2025ലെ പ്ലേ ഓഫിൽ യോഗ്യത നേടാനും ഡെല്‍ഹിക്ക് സാധിച്ചു.
ഷെഫാലി വര്‍മയുടെയും ജെസ് ജോനാസെന്റെയും അര്‍ധ സെഞ്ച്വറികളാണ് ഡെൽഹിക്ക് വിജയം എളുപ്പമാക്കിയത്. 43 പന്തില്‍ പുറത്താകാതെ 80 റണ്‍സെടുത്ത ഷെഫാലിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 38 പന്തില്‍ 61 റണ്‍സെടുത്ത് ജോനാസെനും പുറത്താകാതെ നിന്നു. 12 പന്തില്‍ രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനെ മാത്രമാണ് ക്യാപിറ്റല്‍സിന് നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്മൃതി മന്ഥാനെയും കൂട്ടരും നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. 47 പന്തില്‍ പുറത്താകാതെ 60 റണ്‍സ് നേടിയ എല്ലിസ് പെറിയായിരുന്നു ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. മന്ദാന ഏഴ് പന്തില്‍ എട്ട് റണ്‍സുമായി പുറത്തായി. ഡല്‍ഹിക്ക് വേണ്ടി ശിഖ പാണ്ഡെയും ശ്രീ ചരണിയും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഏഴ് മത്സരത്തിൽ നിന്നും പത്ത് പോയിന്‍റ് നേടി ടേബിളിന്‍റെ തലപ്പത്തിരുന്നാണ് ക്യാപിറ്റൽസ് സെമി ഉറപ്പിച്ചത്. നാല് പോയിന്‍റുമായി നിലവിലെ ചാമ്പ്യൻമാരായ ആർ.സി.ബി നാലാം സ്ഥാനത്താണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.