ഇന്ത്യ-ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിെൻറ നാലാം ദിനം മഴയെടുത്തു; ഫലമുണ്ടാകാൻ സാധ്യത മങ്ങി
text_fieldsസതാംപ്ടൺ: ആദ്യ ദിനം പോലെ നാലാം ദിനവും മഴയിൽ മുങ്ങി. ഇതോടെ ഇന്ത്യ-ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഫലമുണ്ടാവാനുള്ള സാധ്യത മങ്ങി. തിങ്കളാഴ്ച ഒരു പന്തുപോലും എറിയാനായില്ല. ചൊവ്വാഴ്ച അവസാന ദിനം. റിസർവ് ദിനം കൂടി കൂട്ടിയാലും ഇനി കളി നടക്കാനാവുക പരമാവധി 196 ഓവർ. അതിനുതന്നെ കാലാവസ്ഥ കനിയണം. ഇന്ത്യ ഉയർത്തിയ 217 റൺസിന്‍റെ ആദ്യ ഇന്നിങ്സ് സ്കോറിനെതിരെ രണ്ടിന് 101 എന്ന നിലയിലാണ് ന്യൂസിലൻഡ്.
തിങ്കളാഴ്ച രാവിലെ മുതൽ മഴ പെയ്തതിനാൽ റോസ് ബൗളിൽ കളി നടക്കുന്ന കാര്യം സംശയത്തിലായിരുന്നു. ഒടുവിൽ നാലര മണിക്കൂർ കാത്തിരുന്ന ശേഷം അമ്പയർമാരായ മൈക്കൽ ഗഫും റിച്ചാർഡ് ഇല്ലിങ്വർത്തും നാലാം ദിനത്തിലെ കളി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.
ക്രിക്കറ്റ് പ്രേമികൾ ഏറെ കാത്തിരുന്ന മത്സരത്തിന്‍റെ ആദ്യ ദിവസം മൊത്തമായും മഴകവർന്നിരുന്നു. മത്സരം നടന്ന ദിവസങ്ങളിലും വെളിച്ചക്കുറവ് വില്ലനായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൺ രംഗത്തെത്തിയിരുന്നു.
പീറ്റേഴ്സൺ ട്വീറ്റ് ചെയ്തതിങ്ങനെ: പറയുന്നതിൽ എനിക്ക് സങ്കടമുണ്ട്. ഒരിക്കൽ മാത്രം സംഭവിക്കുന്ന അതി പ്രാധാന്യമുള്ള ക്രിക്കറ്റ് മത്സരങ്ങൾ ഒരിക്കലും ബ്രിട്ടനിൽ വെച്ച് നടത്തരുത്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഏറ്റവും യോജിച്ച സ്ഥലം ദുബൈ ആണ്. നിക്ഷ്പക്ഷ വേദി, മികച്ച സ്റ്റേഡിയം, ഉറപ്പിക്കാവുന്ന കാലാവസ്ഥ, പരിശീലനത്തിനുള്ള മികച്ച സൗകര്യങ്ങൾ, കൂടാതെ യാത്രക്ക് പറ്റിയ ഇടവുമാണ്. മാത്രമല്ല, ഐ.സി.സിയുടെ ആസ്ഥാനം സ്റ്റേഡിയത്തിന് തൊട്ടടുത്താണ്. ''
പീറ്റേഴ്സണെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. 2019 ലോകകപ്പിലും 2017 ചാമ്പ്യൻസ് ട്രോഫിയിലും മഴ പലകുറി വെല്ലുവിളിയായി എത്തിയിരുന്നു. ഇതിനെത്തുടർന്ന് ഐ.സി.സിക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.