ഓസീസ് മണ്ണിൽ റെക്കോഡ് കൂട്ടുകെട്ടുമായി ജയ്സ്വാളും രാഹുലും; 20 റൺസകലെ ചരിത്രം!
text_fieldsപെര്‍ത്ത്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ ആസ്ട്രേലിയക്കെതിരെ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണ്. രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ലീഡ് 200 കടന്നു. ഇരുവരുടെയും അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
പെര്‍ത്തിൽ 46 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു ഇന്ത്യ. രണ്ടാം ദിനം ആസ്ട്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമില്ലാതെ 172 റൺസെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ ജയ്സ്വാൾ 193 പന്തിൽ ഏഴു ഫോറും രണ്ടു സിക്സുമടക്കം 90 റൺസെടുത്തിട്ടുണ്ട്. മറുഭാഗത്തുള്ള രാഹുൽ 153 പന്തിൽ നാലു ഫോറടക്കം 62 റൺസെടുത്തും നിൽക്കുന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും നേടിയ 172 റൺസ് ഓസീസ് മണ്ണിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ്.
1986ൽ സിഡ്നിയിൽ ആസ്ട്രേലിയക്കെതിരെ സുനിൽ ഗവാസ്കറും ക്രിസ് ശ്രീകാന്തും ഒന്നാം വിക്കറ്റിൽ നേടിയ 191 റൺസാണ് ഒന്നാമത്. 20 റൺസ് കൂടി നേടിയാൽ യശസ്വിക്കും രാഹുലിനും ഇവരെ മറികടന്ന് ഒന്നാമതെത്താനാകും. ഓസീസിനെ 104 റണ്‍സിന് പുറത്താക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്കായി ജയ്സ്വാളും രാഹുലും മികച്ച തുടക്കമാണിട്ടത്. തുടക്കത്തില്‍ കരുതലോടെ കളിച്ച ഇരുവരും മിച്ചൽ സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയും ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്.
ആസ്ട്രേലിയയിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്
സുനിൽ ഗവാസ്കർ-ക്രിസ് ശ്രീകാന്ത്, 191 റൺസ് -സിഡ്നി -1986
യശസ്വി ജയ്സ്വാൾ-കെ.എൽ. രാഹുൽ, 172 റൺസ് -പെർത്ത് -2024
ചേതൻ ചൗഹാൻ-സുനിൽ ഗവാസ്കർ, 165 റൺസ് -മെൽബൺ -1981
ആകാശ് ചോപ്ര-വീരേന്ദർ സെവാഗ്, 141 റൺസ്, മെൽബൺ -2003
വിനു മങ്കാട്-ചന്ദു സർവതെ, 124 റൺസ് -മെൽബൺ -1948
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.