അരങ്ങേറ്റത്തിൽ സെഞ്ച്വറിയുടെ യശസ്സുമായി ജെയ്സ്‍വാൾ
text_fieldsഡൊമിനിക്ക (വെസ്റ്റിൻഡീസ്): ടെസ്റ്റ് ക്രിക്കറ്റിന്റെ വീറുറ്റ ക്രീസിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന യശസ്സുമായി ഇന്ത്യയുടെ യുവതാരം യശസ്വി ജെയ്സ്‍വാൾ. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിലാണ് യശസ്വി അഭിമാനാർഹമായ നേട്ടത്തിലേക്ക് ബാറ്റുവീശിയത്. ടെസ്റ്റിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 17-ാമത് ഇന്ത്യൻ ബാറ്റ്സ്മാനെന്ന ബഹുമതിയാണ് ഈ 21കാരൻ സ്വന്തമാക്കിയത്. രാജ്യത്തിന് പുറത്ത് അരങ്ങേറ്റത്തിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏഴാമത് ഇന്ത്യൻ താരമാണ് യശസ്വി.
ഓപണറായിറങ്ങിയ യശസ്വി രണ്ടാം ദിനം ഇന്നിങ്സ് പുനരാരംഭിച്ചശേഷം 215 പന്തിൽ 11 ബൗണ്ടറിയടക്കമാണ് ശതകം കുറിച്ചത്. ജാഗ്രതയോടെ നിലയുറപ്പിച്ച താരം മോശം പന്തുകൾ തെരഞ്ഞെടുത്ത് ശിക്ഷിച്ചാണ് സ്കോറിങ്ങിന് ആക്കംകൂട്ടിയത്. ഒന്നാമിന്നിങ്സിൽ 150 റൺസിന് പുറത്തായ ആതിഥേയർക്കെതിരെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനുശേഷം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 236 റൺസെന്ന അതിശക്തമായ നിലയിലാണ് ഇന്ത്യ.
241 പന്തിൽ 115 റൺസുമായി ക്രീസിലുള്ള യശസ്വിക്ക് രണ്ടു റൺസുമായി ശുഭ്മാൻ ഗില്ലാണ് കൂട്ട്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് പുറത്തായത്. 221 പന്തിൽ 10 ഫോറും രണ്ടു സിക്സുമടക്കം 103 റൺസാണ് നായകന്റെ സമ്പാദ്യം. ഒന്നാം വിക്കറ്റിൽ യശസ്വി-രോഹിത് സഖ്യം 229 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണുയർത്തിയത്. എട്ടു ബൗളർമാർ മാറിമാറി പന്തെറിഞ്ഞിട്ടും ആദ്യടെസ്റ്റ് കളിക്കുന്ന ജയ്സ്വാളിനെ പുറത്താക്കാൻ കരീബിയൻ പടക്ക് കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.