രണ്ട് ഇന്നിങ്സിലായി അടിച്ചെടുത്ത് 115 റൺസ്; അതിവേഗ സ്കോറിങ്ങിൽ സചിനെയും ഗാവസ്കറെയും മറികടന്ന് ജയ്സ്വാൾ
text_fieldsയശസ്വി ജയ്‍സ്വാൾ
ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ മൂന്നാം ദിനം അവസാന സെഷനിൽ ഇന്ത്യക്ക് യുവ ഓപണർ യശസ്വി ജയ്‍സ്വാളിന്‍റെ വിക്കറ്റ് നഷ്ടമായിരുന്നു. 28 റൺസ് നേടിയ താരത്തെ ജോഷ് ടങ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 87 റൺസാണ് ജയ്സ്വാളിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. വമ്പൻ സ്കോർ നേടാനായില്ലെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിൽ 2,000 റൺസെന്ന നാഴികക്കല്ല് പിന്നിടാൻ താരത്തിന് കഴിഞ്ഞ. അതും ഒരു ഇന്ത്യൻ താരം അതിവേഗം നേടുന്ന 2,000 റൺസെന്ന റെക്കോഡിനൊപ്പം!
40-ാമത്തെ ഇന്നിങ്സിലാണ് ജയ്സ്വാൾ 2000 റൺസ് പിന്നിട്ടത്. ഇത്ര തന്നെ ഇന്നിങ്സുകളിൽ 2000 റൺസ് പിന്നിട്ട മുൻതാരങ്ങളായ രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ് എന്നിവരുടെ റെക്കോഡിനൊപ്പമെത്താൻ ജയ്സ്വാളിന് വെള്ളിയാഴ്ച സാധിച്ചു. പിന്നിലാക്കിയതാകട്ടെ വിജയ് ഹസാരെ, സചിൻ തെൻഡുൽക്കർ, സുനിൽ ഗവാസ്കർ തുടങ്ങിയ ക്രിക്കറ്റ് മഹാരഥന്മാരെയും.
സചിനു ശേഷം 2000 റൺസ് പിന്നിടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും ജയ്സ്വാൾ സ്വന്തമാക്കി. 20 വർഷവും 330 ദിവസവും പ്രായമുള്ളപ്പോഴാണ് സചിൻ 2000 റൺസ് താണ്ടിയത്. ജയ്സ്വാളിന് 23 വർഷവും 188 ദിവസവുമാണ് ജയ്സ്വാളിന്‍റെ പ്രായം. പരമ്പരയിൽ മികച്ച ഫോമിൽ തുടരുന്ന ജയ്സ്വാൾ, ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയിരുന്നു.
അതേസമയം, രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ലീഡ് 244 റൺസായി. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിലാണ് സന്ദർശകർ. നേരത്തെ പേസർമാരുടെ കരുത്തിൽ ഒന്നാം ഇന്നിങ്സിൽ 180 റൺസിന്‍റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 587നെതിരെ 407 റൺസാണ് ഇംഗ്ലണ്ട് നേടിയത്. മുഹമ്മദ് സിറാജ് ആറും ആകാശ് ദീപ് നാലും വിക്കറ്റുകൾ പിഴുതു. ആതിഥേയർക്കായി ഹാരി ബ്രൂക്കും ജേമി സ്മിത്തും സെഞ്ച്വറി നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.