യശ്പാൽ ശർമ: വിട പറഞ്ഞത് ലോകകപ്പ് ഹീറോ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിെൻറ തലവര മാറ്റിമറിച്ച ടൂർണമെൻറായിരുന്നു 1983 ലോകകപ്പ്. കപിൽദേവിെൻറയും മൊഹീന്ദർ അമർനാഥിെൻറയും ലോകകപ്പായാണ് അറിയപ്പെടുന്നതെങ്കിലും യശ്പാൽ ശർമ എന്ന മധ്യനിര ബാറ്റ്സ്മാനും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അതേ ടൂർണമെൻറിലായിരുന്നു.
എട്ട് ഇന്നിങ്സുകളിലായി 34.28 ശരാശരിയിൽ യശ്പാൽ നേടിയ 240 റൺസ് ആ ലോകകപ്പിൽ ഇന്ത്യക്കാരെൻറ മികച്ച രണ്ടാമത്തെ റൺസമ്പാദ്യമായിരുന്നു. ആതിഥേയർ കൂടിയായ ഇംഗ്ലണ്ടിനെതിരായ സെമിയിൽ അമർനാഥിനും സന്ദീപ് പാട്ടീലിനും ഒപ്പം നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്തി ടീമിനെ ജയിപ്പിച്ചത് യശ്പാലിെൻറ ബാറ്റിങ്ങായിരുന്നു. ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യ ഇരട്ട ലോകചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ തോൽപിച്ചപ്പോൾ 89 റൺസുമായും തിളങ്ങി.
1978നും 1985നുമിടക്ക് 37 ടെസ്റ്റുകളിൽ 1606 റൺസും 42 ഏകദിനങ്ങളിൽ 883 റൺസും നേടിയിട്ടുണ്ട് യശ്പാൽ. ലുധിയാനയിൽ ജനിച്ച യശ്പാൽ പഞ്ചാബിനും ഹരിയാനക്കും റെയിൽവേക്കും വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. രണ്ടു ദശകത്തോളം നീണ്ട ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 21 സെഞ്ച്വറികളും 46 അർധ സെഞ്ച്വറിയുമടക്കം 8933 റൺസ് നേടിയിട്ടുണ്ട്.വിരമിച്ചശേഷം കോച്ചിങ്ങിലും അമ്പയറിങ്ങിലും കമൻററിയിലും കൈവെച്ച യശ്പാൽ 2004-2005,2008- 2011 കാലത്ത് ദേശീയ സെലക്ടറായും പ്രവർത്തിച്ചു. മഹേന്ദ്ര സിങ് ധോണിയെ ആദ്യമായി ടീമിലെടുത്തതും 2011 ലോകകപ്പ് നേടിയ ടീമിനെ തിരഞ്ഞെടുത്തതും യശ്പാൽ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റിയായിരുന്നു.
യശ്പാൽ ശർമയുടെ നിര്യാണത്തിൽ കപിൽദേവ്, ദിലീപ് വെങ്സാർക്കർ, സുനിൽ ഗവാസ്കർ, സയ്യിദ് കിർമാനി, മനീന്ദർ സിങ്, കീർത്തി ആസാദ്, ബൽവീന്ദർ സന്ധു, സചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, അനിൽ കുംബ്ലെ, വീരേന്ദർ സെവാഗ്, ഇർഫാൻ പത്താൻ തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.