‘സ്കേറ്റിങ്ങിൽ ലഭിച്ച സ്വർണ മെഡൽ പിതാവ് വലിച്ചെറിഞ്ഞു’; ക്രിക്കറ്റ് കളിക്കാൻ താൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് യുവരാജ്
text_fieldsഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവരാജ് സിങ്. ഇടക്കാലത്ത് വൈറ്റ് ബാൾ ക്രിക്കറ്റിൽ യുവരാജില്ലാത്ത ടീം ഇന്ത്യയെ സങ്കൽപിക്കാൻ കൂടി സാധ്യമായിരുന്നില്ല. എന്നാലിപ്പോൾ, കുട്ടിക്കാലത്ത് താൻ ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് താരം. റോളർ സ്കേറ്റിങ്ങിൽ മികവു തെളിയിച്ച യുവരാജ്, അണ്ടർ-14 ദേശീയ ചാമ്പ്യൻഷിപിൽ സ്വർണ മെഡൽ നേടിയിരുന്നു. എന്നാൽ പിതാവ് യോഗ്‌രാജ് സിങ്ങിന്റെ നിർബന്ധ പ്രകാരമാണ് താൻ ക്രിക്കറ്റ് പിച്ചിലേക്ക് എത്തിയതെന്നും അടുത്തിടെ നടന്ന സംഭാഷണത്തിൽ യുവരാജ് പറയുന്നു.
“നിങ്ങൾ ഒരു സ്വർണ മെഡൽ നേടുന്നു. പോഡിയത്തിൽനിന്ന് ഇറങ്ങി കാറിലേക്ക് കയറുന്നു. കാറിന്റെ വിൻഡോ പതുക്കെ താഴുന്നു. സ്കേറ്റുകളും ഒപ്പം, സ്വർണ മെഡലും പുറത്തേക്കെറിയുന്നു. സ്കേറ്റിങ് ഉപേക്ഷിച്ച് എന്‍റെ ശ്രദ്ധ പൂർണമായും ക്രിക്കറ്റിലേക്ക് തിരിയാൻ പിതാവ് ചെയ്തതാണിത്. അടുത്ത ദിവസം ഞാൻ തിരിച്ചുപോയി മെഡൽ കണ്ടെത്തിയെന്നത് മറ്റൊരു കാര്യം.
വെയിലത്ത് ക്രിക്കറ്റ് കളിക്കുന്നത് ഞാൻ വെറുത്തിരുന്നു. തെരുവിൽ കളിക്കുന്നത് കുഴപ്പമില്ല, എന്നാൽ ദിവസം ആറ് മണിക്കൂർ കളിക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ മോശമല്ലാത്ത കളി മികവ് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. പിതാവ് നേരത്തെ തന്നെ ഇക്കാര്യം കണ്ടെത്തിയിരുന്നുവെന്ന് വേണം കരുതാൻ. എട്ട് വർഷം എന്നെ ക്രിക്കറ്റല്ലാതെ മറ്റെന്തെങ്കിലും ചിന്തിക്കാൻ അദ്ദേഹം അനുവദിച്ചില്ല. അതിനാൽ പതിനെട്ടര വയസ്സുള്ളപ്പോൾ ഞാൻ ഇന്ത്യൻ ടീമിലെത്തി. അത്തരം സാഹചര്യത്തിലേക്ക് എത്താൻ അദ്ദേഹം എന്നെ തയാറാക്കിയിരുന്നു” -യുവരാജ് പറഞ്ഞു.
18-ാം വയസ്സിൽ 2000ൽ കെനിയക്കെതിരെ ഐ.സി.സി നോക്ക്ഔട്ട് കപ്പിലാണ് യുവരാജിന്‍റെ അരങ്ങേറ്റം. ക്വാർട്ടറിൽ ആസ്ട്രേലിയക്കെതിരെയാണ് യുവരാജ് ആദ്യമായി ബാറ്റ് ചെയ്തത്. ആദ്യ ഇന്നിങ്സിൽ 80 പന്തിൽ 84 റൺസാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കായി 40 ടെസ്റ്റ്, 304 ഏകദിന, 50 ട്വന്‍റി20 മത്സരങ്ങളിൽ യുവരാജ് കളിച്ചിട്ടുണ്ട്. 2007ലെ ട്വന്‍റി20 ലോകകപ്പ് കിരീടം, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടാൻ ഇന്ത്യക്ക് വഴിയൊരുക്കിയതിൽ യുവരാജിന്‍റെ പ്രകടനവും നിർണായകമായി. 2019ലാണ് താരം വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.