ലബുഷെയ്ന്റെ ബാറ്റിൽ ബൈബിൾ വാക്യം, കേശവ് മഹാരാജിന്റെ ബാറ്റിൽ 'ഓം'; ഐ.സി.സിയെ പരിഹസിച്ച് ഉസ്മാൻ ഖ്വാജ
text_fieldsമെൽബൺ: പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിൽ ഗസ്സക്ക് ഐക്യദാർഢ്യവുമായി സമാധാന സന്ദേശവും അടയാളവും പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖ്വാജ ഐ.സി.സിയുടെ ഇരട്ടത്താപ്പിനെ സാമൂഹ്യമാധ്യമങ്ങളിൽ പരിഹസിച്ചു.
ചൊവ്വാഴ്ച ആരംഭിക്കുന്ന പാകിസ്താനെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ തന്റെ ബാറ്റിലും ഷൂസിലും പ്രാവിന്റെയും ഒലിവ് ശാഖയുടെയും ചിത്രം പ്രദർശിപ്പിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ ഐ.സി.സി നിരസിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ "എല്ലാ ജീവനും തുല്യമാണ്", "സ്വാതന്ത്ര്യം ഒരു മനുഷ്യാവകാശം" എന്നീ സന്ദേശങ്ങളുള്ള ഷൂ ധരിക്കുന്നതിൽ നിന്ന് ഖ്വാജയെ വിലക്കിയിരുന്നു. തുടർന്ന് ഒരു കറുത്ത ആംബാൻഡ് ധരിച്ചാണ് താരം കളത്തിലിറങ്ങിയത്.
ഐ.സി.സിയുടെ ശാസനയെ തുടർന്ന് അതിന് ഗസ്സയുമായി ബന്ധമില്ലെന്നും 'വ്യക്തിപരമായ വിയോഗം' കാരണമാണ് ബാൻഡ് ധരിച്ചതെന്ന് പറഞ്ഞിരുന്നു. അതിന് ശേഷമാണ് രേഖാമൂലമുള്ള സന്ദേശങ്ങൾക്ക് പകരം, സമാധാനത്തിന്റെ പ്രതീകമായ ഒലിവ് ശാഖയുള്ള കറുത്ത പ്രാവിന്റെ ചിത്രം അടുത്ത ടെസ്റ്റ് മത്സരത്തിൽ പ്രദർശിപ്പിക്കാൻ അനുവാദം തേടിയത്
എന്നാൽ നിരസിച്ചതോടെ ഐ.സി.സിക്കെതിരെ കടുത്ത പരിഹാസവുമായി അദ്ദേഹം സമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചു.
"എല്ലാവർക്കും ക്രിസ്മസ് ആശംസകൾ. ബോക്സിംഗ് ഡേയിൽ ചിലപ്പോൾ ചിരിക്കേണ്ടി വരും" എന്ന് അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
സഹതാരം മർനസ് ലബുഷെയ്ന്റെ ബാറ്റിലുള്ള കഴുകനും ബൈബിൾ വാക്യവും ദക്ഷിണാഫ്രിക്ക ഓൾറൗണ്ടർ കേശവ് മഹാരാജിന്റെ ബാറ്റിലുള്ള 'ഓം' ചിഹ്നവും ചൂണ്ടിക്കാണിക്കുന്ന വീഡിയോയാണ് ഇരട്ടതാപ്പും പൊരുത്തക്കേടും ഹാഷ് ടാഗ് നൽകി പോസ്റ്റ് ചെയ്തത്.
അതേസമയം, ഉസ്മാൻ ഖ്വാജക്ക് പിന്തുണയുമായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രംഗത്തെത്തിയിരുന്നു.
'ഉസ്സിക്ക് (ഉസ്മാൻ ഖ്വാജ) ഞങ്ങൾ പൂർണ പിന്തുണ നൽകുന്നു. തന്‍റെ വിശ്വാസങ്ങൾക്കും ബോധ്യങ്ങൾക്കും വേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്. അത് വളരെ മാന്യമായിത്തന്നെയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്‍റെ പ്രവൃത്തിയുടെ മറ്റ് കാര്യങ്ങളെ കുറിച്ച് എനിക്കറിയില്ല. പക്ഷേ, അത് തികച്ചും സാധാരണമായൊരു കാര്യമാണ്, ഒരു പ്രാവിന്‍റെ അടയാളം' -പാറ്റ് കമ്മിൻസ് പറഞ്ഞു.
മറ്റൊരു ആസ്ട്രേലിയൻ താരമായ മാർനസ് ലബുഷെയ്ൻ തന്‍റെ ബാറ്റിൽ ബൈബിൾ വാക്യവുമായി ബന്ധപ്പെട്ട കഴുകന്‍റെ ചിഹ്നം ഉപയോഗിക്കുന്നതും ഉസ്മാൻ ഖ്വാജ സമാധാന സന്ദേശമായ പ്രാവിന്‍റെ ചിഹ്നം ഉപയോഗിക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന ചോദ്യത്തിന്, തനിക്ക് ഒരു വ്യത്യാസവും തോന്നുന്നില്ലെന്നും കമ്മിൻസ് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.