രാഷ്ട്രീയം മാറ്റിവെച്ച് ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കൂ; ഞങ്ങൾ ഏറെ സന്തോഷത്തോടെ സ്വീകരിക്കാം -ഷാഹിദ് അഫ്രീദി
text_fieldsലാഹോർ: രാഷ്ട്രീയം മാറ്റിവെച്ച് ഏഷ്യകപ്പിന് പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കണമെന്നും ഞങ്ങൾ ഏറെ സന്തോഷത്തോടെ അവരെ സ്വീകരിക്കുമെന്നും മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ലെജൻഡ്സ് ക്രിക്കറ്റ് ലീഗിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘മുമ്പ് ഒരു ഇന്ത്യക്കാരനിൽനിന്ന് പാകിസ്താൻ ടീമിന് ഭീഷണിയുണ്ടായിരുന്നു. അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. ഇന്ത്യയുമായി പാകിസ്താൻ സർക്കാറിന് പ്രശ്നങ്ങൾ ഉണ്ടായിട്ടും അന്ന് ടീമിനെ ഇന്ത്യയിലേക്കയച്ചു. ഇപ്പോൾ തിരിച്ച് അങ്ങനെയൊരു നടപടിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കുക. ഏറെ സന്തോഷത്തോടെ ഞങ്ങൾ അവരെ സ്വാഗതം ചെയ്യും. ഭീഷണികൾ എപ്പോഴുമുണ്ടാകും, അത് നമ്മുടെ ബന്ധത്തെ നശിപ്പിക്കരുത്’’, അഫ്രീദി പറഞ്ഞു.
2005ൽ ഇന്ത്യ പാകിസ്താനിലെത്തിയപ്പോൾ ഹർഭജൻ സിങ്ങിനെയും യുവരാജ് സിങ്ങിനെയും പോലുള്ള താരങ്ങളെ എത്ര ആദരവോടെയാണ് പാകിസ്താൻ ജനത സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘ഇന്ത്യ വന്നിരുന്നെങ്കിൽ നന്നായിരുന്നു. അത് ക്രിക്കറ്റിലേക്കും പാകിസ്താനിലേക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ചുവടുവെപ്പായിരിക്കും. ഇത് യുദ്ധങ്ങളുടെയും വഴക്കുകളുടെയും തലമുറയല്ല, ബന്ധങ്ങൾ മെച്ചപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരുപാട് സ്നേഹത്തോടെയും ഇഷ്ടത്തോടെയുമാണ് ഞങ്ങൾ ഇന്ത്യക്കെതിരെ കളിച്ചത്. ഞങ്ങൾ ഇന്ത്യയിൽ വന്നപ്പോഴും മികച്ച സ്വീകരണം ലഭിച്ചതായി ഞാൻ ഓർക്കുന്നു. 2005ൽ ഇന്ത്യൻ ടീമിന്റെ പാകിസ്താൻ പര്യടനം നിങ്ങൾ ഓർക്കുന്നുണ്ടാകും. ഹർഭജനും യുവരാജും ഷോപ്പിങ്ങിനും റസ്റ്ററന്റുകളിലും പോകാറുണ്ടായിരുന്നു. ആരും അവരിൽനിന്ന് പണം വാങ്ങിയിരുന്നില്ല. ഇതാണ് രണ്ട് രാജ്യങ്ങളുടെയും സൗന്ദര്യം”, അഫ്രീദി പറഞ്ഞു.
2023ലെ ഏഷ്യാ കപ്പ് നടക്കുന്നത് പാകിസ്താനിലാണെങ്കിൽ ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ചെയർമാനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജെയ് ഷാ പ്രഖ്യാപിച്ചിരുന്നു. വേദി മാറ്റണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. എന്നാൽ, ഇതിൽ രോഷാകുലരായ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി), ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ മറ്റു അംഗങ്ങളുമായി ചർച്ച ചെയ്യാതെ ഈ പ്രസ്താവന നടത്തിയതിനെ ചോദ്യം ചെയ്തിരുന്നു. ഏഷ്യകപ്പ് ആതിഥേയത്വം തങ്ങൾക്ക് നിഷേധിച്ചാൽ ഇന്ത്യയിൽ നടക്കുന്ന 2023ലെ ഏകദിന ലോകകപ്പ് തങ്ങൾ ബഹിഷ്‍കരിക്കുമെന്നും പി.സി.ബി ഭീഷണി മുഴക്കി. തുടർന്ന് കഴിഞ്ഞ മാസം പ്രശ്നപരിഹാരത്തിനായി എ.സി.സി ബഹ്റൈനിൽ യോഗം ചേർന്നിരുന്നു. ഇതിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും ഏഷ്യാകപ്പിന് യു.എ.ഇ വേദിയാകുമെന്ന സൂചനകൾ പുറത്തുവന്നു. വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ എ.സി.സി അംഗ രാജ്യങ്ങൾ ദുബൈയിൽ യോഗം ചേരാനിരിക്കുകയാണ്. ഇതിനിടെയാണ് അഫ്രീദി ഇന്ത്യൻ ടീമിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.