'നിങ്ങൾ രോഹിത്തും സൂര്യകുമാറും ആയിരിക്കാം; ബൗളറെ ബഹുമാനിച്ചില്ലെങ്കിലും ബോളിനെ ബഹുമാനിക്കണം'
text_fieldsകൊൽക്കത്ത: മോശം ഫോമിൽ തുടരുന്ന ബാറ്റർമാർ കഴിഞ്ഞ ദിവസവും നിരാശപ്പെടുത്തിയതോടെ മുംബൈ ഇന്ത്യൻസ് സീസണിലെ ഒമ്പതാം തോൽവിയാണ് വഴങ്ങിയത്. ഓപ്പണർ ഇഷാൻ കിഷൻ (22 പന്തിൽ 40), തിലക് വർമ (17 പന്തിൽ 32) എന്നിവർ മാത്രമാണ് കൊൽക്കത്തക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മഴ മൂലം 16 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 18 റൺസിനാണ് മുംബൈ തോൽവി വഴങ്ങിയത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും സൂര്യകുമാർ യാദവും തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ ഇരുവരെയും വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
അനാവശ്യ ഷോട്ടു കളിച്ചാണ് ഇരുവരും മിക്കപ്പോഴും പുറത്താവുന്നതെന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു. വരുൺ ചക്രവർത്തി എറിഞ്ഞ എട്ടാം ഓവറിൽ പന്ത് ഉയർത്തിയടിച്ച രോഹിത്തിന്‍റെ ഇന്നിങ്സ് സുനിൽ നരെയ്ന്‍റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ബൗളറോട് ബഹുമാനമില്ലെങ്കിലും നല്ല പന്തുകളെ ബഹുമാനിക്കാൻ താരം തയാറാകണമെന്ന് സെവാഗ് പറയുന്നു. ആരെങ്കിലും നന്നായി പന്തെറിഞ്ഞാൽ അതിനെ ബഹുമാനിച്ചേ മതിയാകൂ. മുംബൈയുടെ തോൽവിയിൽ രണ്ടു വിക്കറ്റുകൾക്ക് പ്രത്യേക പ്രാധ്യമുണ്ടെന്നും സെവാഗ് കൂട്ടിച്ചേർത്തു.
"രോഹിത്തും സൂര്യകുമാറും അൽപം കൂടി ശ്രദ്ധിച്ചാൽ മത്സരം ജയിക്കാമായിരുന്നു. സ്പിന്നർമാർക്കെതിരെ ശ്രദ്ധിച്ചുകളിക്കാൻ അവർ തയാറാവുന്നില്ല. വൈഭവ് അറോറ, മിച്ചൽ സ്റ്റാർക്, ആന്ദ്രേ റസ്സൽ, ഹർഷിത് റാണ എന്നിവരുടെ ഓവറുകൾ വരാനുണ്ടെന്ന് മനസ്സിലാക്കി വേണം ബാറ്റു ചെയ്യാൻ. ക്രീസിലെത്തുമ്പോൾ നിങ്ങൾ അഹങ്കാരം മാറ്റിവെക്കണം. അവസാന ഓവറുകളിൽ ക്രീസിലെത്തിയ നമൻ ധിർ രണ്ട് സിക്സും ഒരു ഫോറും നേടി. രോഹിത്തോ സൂര്യകുമാറോ ആ സമയത്ത് ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു. നിങ്ങൾ രോഹിത്തോ സൂര്യകുമാറോ ആവട്ടെ, ബൗളർമാരെ ബഹുമാനിച്ചില്ലെങ്കിലും ബോളിനെ ബഹുമാനിച്ചേ പറ്റൂ. നല്ല പന്തിൽ വലിയ ഷോട്ടുകൾക്ക് ശ്രമിക്കണമെന്നില്ല" - സെവാഗ് പറഞ്ഞു.
മത്സരത്തിൽ 24 പന്തു നേരിട്ട രോഹിത്തിന് 19 റൺസ് മാത്രമാണ് നേടാനായത്. സൂര്യകുമാറാകട്ടെ, 14 പന്തിൽ 11 റൺസും. ഇരുവരുടെയും സ്ട്രൈക്ക് റേറ്റ് 80ൽ താഴെയാണ്. മോശം ഫോമിൽ തുടരുന്ന നായകൻ ഹാർദിക് പാണ്ഡ്യയും നിരാശ സമ്മാനിച്ചു. നാലു പന്തു നേരിട്ട ഹാർദിക് മുംബൈ ഇന്നിങ്സിലേക്ക് കേവലം രണ്ട് റൺസ് മാത്രമാണ് സംഭാവന ചെയ്തത്. ടിം ഡേവിഡ് (0), നേഹൽ വധേര (3) എന്നിവർക്കും സ്കോർ കണ്ടെത്താനായില്ല. 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 139ൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.