ട്വിസ്റ്റോട് ട്വിസ്റ്റുമായി റെയ്ന; '12.5 കോടി രൂപ ആരെങ്കിലും വേണ്ടെന്നു വെക്കുമോ ? '
text_fieldsെഎ.പി.എൽ 13ാം സീസണിൽ കളിക്കില്ലെന്നു പറഞ്ഞ് 'തെറ്റിപ്പോന്ന' സുരേഷ് റെയ്നക്ക് വീണ്ടും മനംമാറ്റം. വരുന്ന സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ ചിലപ്പോൾ തന്നെ കണ്ടേക്കാമെന്ന സൂചന നൽകി താരം രംഗത്ത്. ക്രിക്കറ്റ് വെബ്സൈറ്റായ 'ക്രിക്ക് ബസി' ന് നൽകിയ അഭിമുഖത്തിലാണ് മൗനം വെടിഞ്ഞ് താരം അഭിപ്രായം പറഞ്ഞത്. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് ഐ.പി.എൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് റെയ്ന വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി പ്രശ്നങ്ങളുണ്ടെന്ന പ്രചരണം തള്ളിയ താരം 12.5 കോടി രൂപ പ്രതിഫലം ആരെങ്കിലും വേണ്ടെന്ന് വെക്കുമോയെന്നും ചോദിച്ചു.
'ഐ.പി.എൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണ്. കുടുംബത്തിനു വേണ്ടിയാണ് ഞാൻ തിരിച്ചു പോന്നത്. കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിങ്സും എെൻറ കുടുംബം തന്നെയാണ്. ധോണി ഭായി എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആളാണ്. സീസൺ ഉപേക്ഷിച്ച് മടങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഞാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു എന്നത് സത്യമാണ്. പക്ഷേ, ഇപ്പോഴും ചെറുപ്പമാണെന്ന് മറക്കരുത്. ഇനിയും നാലോ അഞ്ചോ വർഷം ഐ.പി.എല്ലിൽ കളിക്കാനാകുമെന്നാണ് ഞാൻ കരുതുന്നത്' – റെയ്ന വെളിപ്പെടുത്തി.
'ഇന്ത്യയിൽ തിരിച്ചെത്തി ക്വാറൻറീനിൽ കഴിയുമ്പോൾ പോലും ഞാൻ പരിശീലനം മുടക്കിയിട്ടില്ല. എന്നെ വീണ്ടും ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ കണ്ടേക്കാം. കുടുംബത്തെക്കുറിച്ചുള്ള ഓർമകളാണ് എന്നെ വലച്ചത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെന്തു ചെയ്യും എന്നായിരുന്നു സങ്കടം. എന്നെ സംബന്ധിച്ച് കുടുംബം വളരെ പ്രധാനപ്പെട്ടതാണ് – റെയ്ന പറഞ്ഞു.
നേരത്തെ, ദുൈബയിൽ ക്വാറൻറീനിൽ കഴിയാൻ ഒരുക്കിയ സംവിധാനങ്ങളെച്ചൊല്ലി സി.എസ്.കെ ടീം മാനേജ്മെൻറുമായി റെയ്നയ്ക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ടീം ഉടമ എൻ. ശ്രീനിവാസനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്.
റെയ്നയുടെ ഉറ്റ സുഹൃത്തു കൂടിയായ ധോണി അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ 'ബയോ സെക്യുർ ബബ്ളി'നുള്ളിലെ ജീവിതവും റെയ്നയെ ബാധിച്ചിരുന്നു. തുടർന്നാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്നും റിപ്പോർട്ട് പുറത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.