യൂനിസ് ഖാൻ സ്ഥാനം ഒഴിഞ്ഞു; പാകിസ്താൻ ഇംഗ്ലണ്ടിലെത്തുന്നത് ബാറ്റിങ് കോച്ചില്ലാതെ
text_fieldsഇസ്ലാമാബാദ്: മുൻ നായകൻ യൂനിസ് ഖാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിെൻറ പരിശീലക സ്ഥാനം ഒഴിഞ്ഞു. ജൂൺ 25 മുതൽ ട്വൻറി20, ഏകദിന പരമ്പരകൾക്കായി ടീം ഇംഗ്ലണ്ടിലേക്ക് പറക്കാൻ ഒരുങ്ങുന്നതിനിടെ യൂനിസ് സ്ഥാനം ഒഴിയാനിടയായ സാഹചര്യം വ്യക്തമല്ല.
ഇംഗ്ലണ്ടിൽ മൂന്ന് വീതം ട്വൻറി20, ഏകദിന മത്സരങ്ങൾ കളിച്ച ശേഷം പാകിസ്താൻ വെസ്റ്റിൻഡീസ് സന്ദർശിക്കുന്നുണ്ട്. ജൂലൈ 21 മുതൽ ആഗസ്റ്റ് 21 വരെ നീണ്ടുനിൽക്കുന്ന കരീബിയൻ പര്യടനത്തിൽ അഞ്ച് ട്വൻറി20യും രണ്ട് ടെസ്റ്റ് മത്സരങ്ങളും പാകിസ്താൻ കളിക്കും.
ബാറ്റിങ് കോച്ചില്ലാതെയാകും ടീം ഇംഗ്ലണ്ടിലേക്ക് പോകുകയെന്നും വിൻഡീസ് പര്യടനത്തിന് മുമ്പ് ബാറ്റിങ് കോച്ചിനെ നിയമിക്കുമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ടീം സെലക്ഷനിൽ തെൻറ അഭിപ്രായങ്ങൾക്ക് വേണ്ടവിധ പരിഗണന ലഭിക്കുന്നില്ലെന്നും തെൻറ റോളിൽ യൂനിസ് ഖാൻ സംതൃപ്തനല്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭാവി ടീമിനെ വാർത്തെടുക്കുന്ന രീതിയിലും അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു. 2022 ഐ.സി.സി ട്വൻറി20 ലോകകപ്പ് വരെ രണ്ടു വർഷത്തെ കരാറിലാണ് കഴിഞ്ഞ നവംബറിൽ യൂനിസ് ഖാനെ ബാറ്റിങ് കോച്ചായി നിയമിച്ചത്.
10000ത്തിലേറെ റൺസ് സമ്പാദ്യമുള്ള യൂനിസ് ഖാൻ ടെസ്റ്റിലെ പാക് ടീമിെൻറ ഏറ്റവും മികച്ച റൺവേട്ടക്കാരനാണ്. മുമ്പും അപ്രതീക്ഷിതമായ തീരുമാനങ്ങൾ കൊണ്ട് യൂനിസ് പാക് ക്രിക്കറ്റിനെ ഞെട്ടിച്ചിരുന്നു. പി.സി.ബി ചെയർമാനെ കാണാൻ അവസരം ലഭിച്ചില്ലെന്ന് കാണിച്ച് 2007 ചാമ്പ്യൻസ് ട്രോഫിയിൽ ടീമിനെ നയിക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു.
ടീമിലെ ചില കളിക്കാർ തെൻറ ശൈലിക്കെതിരെ രംഗത്തെത്തിയതോടെ 2009ലാണ് യൂനിസ് ഖാൻ നായക സ്ഥാനം ഒഴിഞ്ഞത്. 2015ൽ ഇംഗ്ലണ്ടിനെതിരെ കളിച്ച് ഏകദിനത്തോട് വിടപറഞ്ഞ യൂനിസ് 2017 മേയിൽ വിൻഡീസിനെതിരായ മത്സരത്തിൽ ടെസ്റ്റിൽ നിന്നും വിരമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.