സുരക്ഷ ലംഘിച്ച് ഗ്രൗണ്ടിലെത്തി കോഹ്‍ലിയെ കെട്ടിപ്പിടിച്ച് ആരാധകൻ; കസ്റ്റഡിയിലെടുത്ത് പൊലീസ്
text_fieldsഇന്ദോർ: ഞായറാഴ്ച മധ്യപ്രദേശിലെ ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 മത്സരത്തിനിടെ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് വിരാട് കോഹ്‌ലിയുടെ അടുത്തെത്തി ആലിംഗനം ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഓടിവന്ന യുവാവ് കോഹ്‍ലിയെ ആലിംഗനം ചെയ്യുകയായിരുന്നു. പിന്നാലെയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് ഉടൻ തന്നെ അയാളെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഡിയോയിൽ യുവാവിനെ ഉപദ്രവിക്കരുതെന്ന് കോഹ്‍ലി പറയുന്നതായി കാണാം.
ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ടുകോഗഞ്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മത്സരം കാണുന്നതിനുള്ള ടിക്കറ്റ് യുവാവിന്റെ കൈവശമുണ്ടായിരുന്നതായും നരേന്ദ്ര ഹിർവാനി ഗേറ്റിലൂടെയാണ് യുവാവ് ഹോൾക്കർ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചതെന്നും പൊലീസ് അറിയിച്ചു.
യുവാവ് കടുത്ത കോഹ്‌ലി ആരാധകനാണെന്നും താരത്തെ കാണണമെന്ന ആഗ്രഹത്താലാണ് ഗ്യാലറിക്ക് മുന്നിലുള്ള വേലി മറികടന്ന് ഗ്രൗണ്ടിൽ പ്രവേശിച്ചെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നും അടിസ്ഥാനത്തിൽ കേസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്‍റി20യിലും ആറു വിക്കറ്റിന് ജയിച്ച ഇന്ത്യ, ഒരു മത്സരം ബാക്കി നിൽക്കെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെയും ശിവം ദുബെയുടെയും അർധ സെഞ്ച്വറി വെടിക്കെട്ടായിരുന്നു ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
ആദ്യ മത്സരത്തിലും ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 34 പന്തിൽ 68 റൺസെടുത്ത ജയ്സ്വാൾ പുറത്തായത്. 27 പന്തിലാണ് താരം അർധ സെഞ്ച്വറി കുറിച്ചത്. 32 പന്തിൽ 63 റൺസെടുത്ത് ദുബെ പുറത്താകാതെ നിന്നു. ഒന്നാം മത്സരത്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.