ക്രിക്കറ്റ് ഗ്രൗണ്ടിലെ കളി മതിയാക്കി യൂസുഫ് പത്താൻ കൊൽക്കത്തയിൽ; ഇനി തെരഞ്ഞെടുപ്പ് ഗോദയിൽ
text_fieldsകൊൽക്കത്ത: കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവും പശ്ചിമബംഗാൾ പാർട്ടി അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരിക്കെതിരെ ബെർഹാംപൂർ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താൻ കൊൽക്കത്തയിലെത്തി. പാർട്ടി യോഗങ്ങളിൽ പങ്കെടുത്ത ശേഷം അദ്ദേഹം പ്രചാരണ പ്രവർത്തനങ്ങൾക്കിറങ്ങും.
കൊൽക്കത്തയിൽ എത്തിയതിൽ ആവേശത്തിലാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള യോഗത്തിൽ ഉടൻ പങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് മണ്ഡലം സന്ദർശിക്കുമെന്നാണ് അറിയുന്നത്.
ബംഗാളിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് മുർഷിദാബാദ് ജില്ലയിലെ ബെർഹാംപൂർ. നിലവിലെ എം.പിയായ അധീർ രഞ്ജൻ ചൗധരിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാർച്ച് 10നാണ് അപ്രതീക്ഷിതമായി ഗുജറാത്തുകാരനായ യൂസുഫ് പത്താന്റെ സ്ഥാനാർഥിത്വം തൃണമൂൽ പ്രഖ്യാപിക്കുന്നത്. 42 മണ്ഡലങ്ങളാണ് പശ്ചിമ ബംഗാളിൽ ഉള്ളത്.
യൂസുഫ് പത്താന്റെ സ്ഥാനാർഥിത്വത്തെ എതിർക്കുകയും ‘പുറംനാട്ടുകാരൻ’ എന്ന് അധിക്ഷേപിക്കുകയും ചെയ്ത ഭരത്പൂരിലെ തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ പാർട്ടി ദേശീയ സെക്രട്ടറി അഭിഷേക് ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പത്താനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പരിമിത ഓവറുകളിൽ ഇന്ത്യക്കായി തിളങ്ങിയ താരമാണ് ആൾറൗണ്ടറായ യൂസുഫ് പത്താൻ. 57 ഏകദിനങ്ങളിൽ ഇറങ്ങിയ അദ്ദേഹം 810 റൺസും 33 വിക്കറ്റും നേടിയിട്ടുണ്ട്. 22 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങി. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2021ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.