ഇതിഹാസ താരത്തിന്‍റെ ജൈത്രയാത്ര ബിഗ് സ്ക്രീനിലേക്ക്; യുവരാജ് സിങ്ങിന്‍റെ ബയോ പിക് ഒരുങ്ങുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ്ങിന്‍റെ ബയോ പിക് അണിയറയിൽ ഒരുങ്ങുന്നു. ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം പകരുന്ന വിവരം ടി-സിരീസ് എക്സ് അക്കൗണ്ടിലൂടെ ചൊവ്വാഴ്ച രാവിലെയാണ് അറിയിച്ചത്. ഇതിഹാസ താരത്തിന്‍റെ ജൈത്രയാത്ര വൈകാതെ ബിഗ് സ്ക്രീനിൽ എത്തുമെന്ന് എക്സിൽ കുറിച്ചു. ‘സിക്സ് സിക്സസ്’ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്. ചിത്രത്തിന്‍റെ പേര് ഇതുതന്നെയാകാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ പ്രഥമ ട്വന്‍റി20 ലോകകപ്പ് കിരീടം, 2011ലെ ഏകദിന ലോകകപ്പ് നേട്ടം എന്നിവയിൽ നിർണായക പ്രകടനം കാഴ്ചവെച്ച താരമാണ് യുവരാജ് സിങ്. കളിമികവിനു പുറമെ താരത്തിന്‍റെ വ്യക്തിജീവിതവും സിനിമയിൽ അനാവരണം ചെയ്യും. ക്യാൻസറിനെ പൊരുതി തോൽപ്പിച്ച കഥയും സിനിമയിൽ പറയുമെന്നാണ് സൂചന. ടി-സിരീസ് മേധാവി ഭുഷൻ കുമാറിനൊപ്പം, 2017ൽ സചിൻ തെൻഡുൽക്കറുടെ ബയോപിക് (സചിൻ: എ ബില്യൻ ഡ്രീംസ്) നിർമിച്ച രവി ബാഗ്ചന്ദ്കയും ചേർന്നാണ് ചിത്രം നിർമിക്കുക.
2007 ടി20 ലോകകപ്പിനിടെ ഇംഗ്ലണ്ടിനെതിരെ യുവരാജ് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ സംഭവം പുനഃസൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2011ലെ ഏകദിന ലോകകപ്പിൽ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തത് യുവരാജിനെ ആയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് ക്യാൻസർ സ്ഥിരീകരിച്ചത്. തൊട്ടടുത്ത വർഷം ക്രീസിലേക്ക് തിരിച്ചെത്തിയ യുവി അടുത്ത ഏഴു വർഷം കൂടി ഇന്ത്യൻ ജേഴ്സിയണിഞ്ഞു. 2019ലാണ് രാജ്യാന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്.
ബയോ പിക് വരുന്നുവെന്ന വാർത്ത സന്തോഷം നൽകുന്നതായി യുവരാജ് പ്രതികരിച്ചു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ക്രിക്കറ്റാണെന്നും തന്‍റെ ഉയർച്ച താഴ്ചകളിൽ എല്ലായ്പ്പോഴും ക്രിക്കറ്റ് കൂടെയുണ്ടായിരുന്നുവെന്നും യുവരാജ് പറഞ്ഞു. തന്നെക്കുറിച്ചുള്ള സിനിമ നിരവധിപേർക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിലെ വെല്ലുവിളികൾ നേരിട്ട് സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഊർജം എല്ലാവർക്കും ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവരാജിന് ജീവിതത്തിൽ പലപ്പോഴും പിൻവലിയേണ്ടിവന്നിട്ടുണ്ടെങ്കിലും ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം വിജയക്കൊടുമുടിയിൽ എത്തിച്ചുവെന്ന് ഭുഷൻ കുമാർ പറഞ്ഞു. ക്രിക്കറ്റിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും ഹീറോയായ അദ്ദേഹത്തിന്‍റെ കഥ തികച്ചും പ്രചോദനാത്മകമാണ്. ബിഗ് സ്ക്രീനിലൂടെ എല്ലാവരിലേക്കും എത്തേണ്ട ഈ സിനിമക്കുവേണ്ടി പ്രവർത്തിക്കുക എന്നത് തന്നെ സംബന്ധിച്ച് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.