‘സ്വന്തം പിഴവുകൾ കൊണ്ടു മാത്രമേ ഇന്ത്യക്ക് തോൽക്കാനാകു...’; രോഹിത്തിനും സംഘത്തിനും മുന്നറിയിപ്പുമായി യുവരാജ്
text_fieldsഞായറാഴ്ച ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയെ നേരിടുന്ന രോഹിത് ശർമയും സംഘവും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. സ്വന്തം നാട്ടുകാർക്കു മുന്നിൽ ലോക ക്രിക്കറ്റിലെ മൂന്നാം കിരീടം.
ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളും ആധികാരികമായി ജയിച്ച്, സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചെത്തിയ ഇന്ത്യൻ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും കാഴ്ചവെക്കുന്ന ഓൾ റൗണ്ട് പ്രകടനം തന്നെയാണ് ആരാധകർക്ക് വാനോളം പ്രതീക്ഷ നൽകുന്നത്. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് 2011ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന യുവരാജ് സിങ്.
സ്വന്തം പിഴവുകൾ കൊണ്ടു മാത്രമേ ഇന്ത്യക്ക് തോൽക്കാനാകൂവെന്നും കഴിഞ്ഞ അവസരങ്ങളിലെല്ലാം ഇന്ത്യയെ പിടികൂടിയിരുന്നത് ഇതായിരുന്നുവെന്നും 41കാരനായ യുവരാജ് ഓർമപ്പെടുത്തുന്നു. മൂന്ന് ടോപ് ഓർഡർ ബാറ്റർമാരുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. ടോപ് ഓർഡർ ബാറ്റർമാരുടെ പ്രകടനം തന്നെയാണ് ഈ ലോകകപ്പിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
‘സ്വന്തം പിഴവുകളാൽ ഇന്ത്യ ഫൈനലിൽ തോൽക്കാം. കഴിഞ്ഞ അവസരങ്ങളിൽ നമ്മളത് കണ്ടതാണ്. മൂന്ന് ടോപ് ഓർഡർ ബാറ്റർമാർ വളരെ നിർണായകമാണ്. അവർ റൺസ് നേടുകയാണെങ്കിൽ, ആസ്ട്രേലിയയുടെ സാധ്യതകൾ ഇല്ലാതാകും. പക്ഷേ, നമ്മുടെ ടോപ് മൂന്ന് ബാറ്റർമാരെ പുറത്താക്കാൻ ഓസീസിന് കഴിഞ്ഞാൽ ഇന്ത്യ സമ്മർദത്തിലാകും. മധ്യനിര എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടറിയേണ്ടിവരും’ -യുവരാജ് പറഞ്ഞു.
2003ലെ ആസ്ട്രേലിയൻ ടീമിനു സമാനമായാണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നത്. അവർ അന്ന് അപരാജിതരായിരുന്നു. ഫൈനലിൽ ഇന്ത്യയെ തോൽപിച്ചു. അതിനു സമാനമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലിൽ എതിരാളികൾ ആസ്ട്രേലിയയും. ഇന്ത്യ ശക്തരാണ്, ലോകകപ്പ് നേടാനാകും. രോഹിത് ശർമ ടീമിനായി നന്നായി കളിക്കുന്നു, മികച്ച ക്യാപ്റ്റനാണ്. ബൗളിങ്ങിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് കഴിയുമെന്നും യുവരാജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.