ബാറ്റെടുത്തവരെല്ലാം മിന്നിച്ചു; നേപ്പാളിനു മുന്നിൽ ചാരമായി മംഗോളിയ; റെക്കോഡുകളുടെ പെരുമഴ
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ നേപ്പാളിനായി ബാറ്റെടുത്തവരെല്ലാം നിറഞ്ഞാടിയ മത്സരത്തിൽ പിറന്നത് ട്വന്‍റി20 ക്രിക്കറ്റിലെ ഒരുപിടി അപൂർവ റെക്കോഡുകൾ. ഗ്രൂപ്പ് എ മത്സരത്തിൽ മംഗോളിയക്കെതിരെ നേപ്പാൾ കുറിച്ചത് ട്വന്‍റി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.
നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് നേപ്പാൾ നേടിയത്. ട്വന്‍റി20 ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. അയർലൻഡിനെതിരെ അഫ്ഗാനിസ്താൻ നേടിയ 278 റൺസ് എന്ന റെക്കോഡാണ് പഴങ്കഥയായത്. പിന്നാലെ ബൗളർമാരും കൊടുങ്കാറ്റായ മത്സരത്തിൽ മംഗോളിയ 13.1 ഓവറിൽ 41 റൺസിന് ഓൾ ഔട്ടായി. 273 റൺസിന്‍റെ പടുകൂറ്റൻ വിജയമാണ് നേപ്പാൾ സ്വന്തമാക്കിയത്.
ട്വന്‍റി20യിലെ ഏറ്റവും വലിയ വിജയ മാർജിനാണിത്. നേപ്പാൾ തന്നെ നെതർലൻഡ്സിനെ 142 റൺസിന് പരാജയപ്പെടത്തിയ റെക്കോഡാണ് മറികടന്നത്. തീർന്നില്ല, റെക്കോഡുകൾ. മത്സരത്തിൽ നേപ്പാൾ ബാറ്റർ ദീപേന്ദ്ര സിങ് ഐറി ട്വന്‍റി20യിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി സ്വന്തം പേരിലാക്കി. ഒമ്പത് പന്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരെ നേടിയ 12 പന്തിലെ അർധ സെഞ്ച്വറിയാണ് ഇതോടെ പിന്നിലായത്. 2007 ട്വന്‍റി20 ലോകകപ്പിലായിരുന്നു യുവജാരിന്‍റെ ഈ നേട്ടം.
10 പന്തിൽ എട്ടു സിക്സുകളടക്കം 52 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഒരു ഇന്നിങ്സിലെ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റും താരത്തിന്‍റെ പേരിലായി - 520.00. മറ്റൊരു ബാറ്ററായ കുശാൽ മല്ല മത്സരത്തിൽ കുട്ടിക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയും കുറിച്ചു. 34 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. ഇന്ത്യൻ നായകൻ രോഹിത് ശർമയും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറും 35 പന്തിൽ നേടിയ സെഞ്ച്വറിയാണ് താരം മറികടന്നത്. 50 പന്തിൽ എട്ടു ഫോറും 12 സിക്സും ഉൾപ്പെടെ 137 റൺസുമായി അപരാജിത ഇന്നിങ്സാണ് താരം കാഴ്ചവെച്ചത്. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോഡും കുശാൽ മല്ലയുടെ പേരിലായി.
നേപ്പാളിനായി നായകൻ രോഹിത് പൗദൽ 27 പന്തിൽ 61 റൺസും ഓപ്പണർമാരായ കുശാൽ ഭൂർതേൽ 23 പന്തിൽ 19 റൺസും അസീഫ് ഷെയ്ഖ് 17 പന്തിൽ 16 റൺസും നേടി പുറത്തായി. മംഗോളിയയുടെ ബാറ്റിങ് നിരയിൽ ഒരാൾ മാത്രമാണ് രണ്ടക്കം കടന്നത്. ദവാസുരൻ ജമ്യാൻസുരൻ 23 പന്തിൽ 10 റൺസെടുത്തു. നേപ്പാളിനായി കരൺ കെസി, അബിനാഷ് ബൊഹറ, സന്ദീപ് ലാമിച്ചനെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.