യുസ്‌വേന്ദ്ര ചഹലിന് ചരിത്രനേട്ടം; ഐ.പി.എല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യതാരം
text_fieldsജയ്പൂർ: ഐ.പി.എല്ലിൽ ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യതാരമായി ഇന്ത്യയുടെ വെറ്ററൻ ലെഗ് സ്പിന്നർ.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. എട്ടാം ഓവറിലെ മൂന്നാം പന്തിൽ മുഹമ്മദ് നബിയെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയാണ് താരം 200 വിക്കറ്റ് നേട്ടത്തിലെത്തിയത്. തൊട്ടുമുമ്പ് ആവേശ് ഖാൻ എറിഞ്ഞ ഓവറിൽ അഫ്ഗാനിസ്താൻ ഓൾ റൗണ്ടർ തുടർച്ചയായി ബൗണ്ടറികൾ നേടിയിരുന്നു. പിന്നാലെയാണ് നായകൻ സഞ്ജു സാംസൺ ചഹലിനെ പന്ത് ഏൽപ്പിക്കുന്നത്.
മൂന്നാമത്തെ പന്തിൽതന്നെ നബിയെ പുറത്താക്കി താരം സ്വപ്ന നേട്ടത്തിലേക്ക് നടന്നുകയറി. 153 ഐ.പി.എൽ മത്സരങ്ങളിൽനിന്നാണ് ചഹലിന്റെ 200 വിക്കറ്റ് നേട്ടം. 183 വിക്കറ്റുകൾ നേടിയ ഡ്വെയ്ൻ ബ്രാവോയാണ് ഐ.പി.എൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമൻ. 181 വിക്കറ്റുകളുമായി പീയൂഷ് ചൗള മൂന്നാമതും 174 വിക്കറ്റുകളോടെ ഭുവന്വേശർ കുമാർ നാലാമതുമാണ്. അന്താരാഷ്ട്ര ട്വന്റി20യിൽ 80 മത്സരങ്ങൾ കളിച്ച ചഹൽ 96 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഐ.പി.എൽ നടപ്പു സീസണിലെ വിക്കറ്റ് വേട്ടക്കാരിലും മുൻനിരയിലുണ്ട് ചഹൽ. യുവതാരം യശസ്വി ജയ്സ്വാളിന്‍റെ സെഞ്ച്വറി (104 നോട്ടൗട്ട്) മികവിൽ മുംബൈയെ ഒമ്പത് വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. രാജസ്ഥാൻ 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത പേസർ സന്ദീപ് ശർമയുടെ ഉജ്വല ബൗളിങ്ങും രാജസ്ഥാൻ വിജയത്തിൽ നിർണായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.