ജെയിംസ് ആൻഡേഴ്സണല്ല, സഹീർഖാനാണ് മികച്ച ബൗളറെന്ന് ഇഷാന്ത് ശർമ്മ
text_fieldsഇംഗ്ലണ്ട് സൂപ്പർ താരം ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ്. 180 ടെസ്റ്റുകളിൽ നിന്ന് 686 വിക്കറ്റുകൾ നേടി വിക്കറ്റ് വേട്ടയിൽ മുത്തയ്യ മുരളീധരനും ഷെയിൻവോണിനും പിന്നിലായി ലോകത്ത് മൂന്നാം സ്ഥാനത്താണ് ആൻഡേഴ്സൺ. നിലവിലെ ടെസ്റ്റ് റാങ്കിങ്ങിൽ ആർ. അശ്വിന് പിറകിൽ രണ്ടാമതാണ്. ഈ വർഷമാദ്യം അശ്വിനെ പിന്തള്ളി റാങ്കിംഗിൽ തന്റെ കരിയറിലെ ആറാം തവണയും നമ്പർ-വൺ ബൗളറായിരുന്നു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ അഞ്ചാമത്തെ ബൗളറാണ് ഈ 40 കാരൻ.
ഇംഗ്ലണ്ട് ഇതിഹാസത്തെ വിരമിച്ച ഇന്ത്യൻ താരം സഹീർ ഖാനുമായി താരതമ്യപ്പെടുത്തി ഇന്ത്യൻ പേസർ ഇഷാന്ത് ശർമയുടെ വാക്കുകളാണ് ചർച്ചാവിഷയം. സാക്ക് (സഹീർഖാൻ) അവൻ ജിമ്മി ആൻഡേഴ്സണേക്കാൾ മികച്ച ബൗളറാണെന്നാണ് ഇഷാന്ത് പറഞ്ഞത്. 'ദി രൺവീർ ഷോ'യിൽ യൂട്യൂബർ രൺവീർ അള്ളാബാദിയയോട് സംസാരിക്കുകയായിരുന്നു ഇഷാന്ത്.
ജിമ്മി ആൻഡേഴ്സന്റെ ബൗളിംഗ് ശൈലിയും രീതിയും തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം ഇംഗ്ലണ്ടിൽ വ്യത്യസ്ത സാഹചര്യങ്ങളിലാണ് കളിക്കുന്നതെന്നും ഇന്ത്യയിലായിരുന്നുവെങ്കിൽ ഇത്രയും വലിയ നേട്ടങ്ങൾ കണ്ടെത്തുമായിരുന്നില്ലെന്നും ഇഷാന്ത് പറഞ്ഞു. ഒരു ഇന്ത്യൻ പേസർക്ക് നേടാനാവുന്നതിൽ ഏറ്റവും ഉയരത്തിലാണ് സാക്ക് എന്നും ഇഷാന്ത് പറഞ്ഞു.
സഹീർ അവസാനമായി ഇന്ത്യക്കായി കളിച്ചത് 2014-ലാണ്. തന്റെ 14 വർഷത്തെ ടെസ്റ്റ് കരിയറിൽ, ഇന്ത്യയ്‌ക്കായി അദ്ദേഹം 92 മത്സരങ്ങളിൽ നിന്ന് 311 വിക്കറ്റുകൾ വീഴ്ത്തി. 105 മത്സരങ്ങളിൽ 311 വിക്കറ്റുകൾ വീഴ്ത്തി ഇഷാന്ത് ഒപ്പമെത്തുന്നത് വരെ സഹീർ ഖാനാണ് ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ.
എന്നാൽ, 2014ൽ വെല്ലിംഗ്ടൺ ടെസ്റ്റിൽ സഹീറുമായി ഇഷാന്ത് ചൂടേറിയ സംഭാഷണം നടത്തിയത് വിവാദമായിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിന്,
"ഞാൻ എന്താണ് പറഞ്ഞതെന്ന് ആളുകൾക്ക് ഇന്നും മനസിലായിട്ടില്ല. ക്യാച്ച് കൈവിട്ട ആരെയും ഞാൻ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. മോശമായതെങ്ങനെ സാക്കിനോട് പറയും? അദ്ദേഹം എനിക്ക് ഗുരുവിനെപ്പോലെയാണ്. അങ്ങനെ എന്തെങ്കിലും പറയണമെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. ബ്രണ്ടൻ മക്കല്ലം ഒരുപാട് റൺസ് നേടിയത് നിരാശ മാത്രമായിരുന്നു അപ്പോൾ." എന്നായിരുന്നു ഇശാന്തിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.