നാണംകെട്ട് യു.എസ്.എ; സിംബാബ്വെക്ക് ചരിത്ര വിജയം
text_fieldsഹരാരെ: ഏകദിന ലോകകപ്പിനുള്ള യോഗ്യത മത്സരത്തില്‍ ചരിത്ര വിജയവുമായി സിംബാബ്‌വെ. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങി 409 റണ്‍സ് അടിച്ചെടുത്ത ആതിഥേയർ യു.എസ്.എക്കെതിരെ 304 റണ്‍സിന്‍റെ റെക്കോഡ് ജയമാണ് സ്വന്തമാക്കിയത്. അമേരിക്കയുടെ മറുപടി ബാറ്റിങ് 25.1 ഓവറില്‍ 104 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പുരുഷ ഏകദിനത്തില്‍ റണ്‍സ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.
ഇക്കാര്യത്തിൽ റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. 2023 ജനുവരി 15ന് തിരുവനന്തപുരം കാര്യവട്ടത്ത് 317 റണ്‍സിന് അയൽക്കാരായ ശ്രീലങ്കയെയാണ് ഇന്ത്യ നാണംകെടുത്തിയത്. വിരാട് കോഹ്‍ലി (പുറത്താവാതെ 166), ശുഭ്‌മാന്‍ ഗില്‍ (116) എന്നിവരുടെ മികവിൽ 50 ഓവറില്‍ അഞ്ചിന് 390 റണ്‍സ് അടിച്ച ഇന്ത്യക്കെതിരെ ലങ്കയുടെ മറുപടി 22 ഓവറില്‍ വെറും 73 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഏകദിനത്തില്‍ ഇന്ത്യയും സിംബാബ്‌വെയും മാത്രമേ മുന്നൂറോ അതിലധികമോ റണ്‍സിന് വിജയിച്ചിട്ടുള്ളൂ. 2008ല്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമാണ് പട്ടികയില്‍ മൂന്നാമത്.
തകർപ്പൻ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ഷോണ്‍ വില്യംസാണ് സിംബാബ്വെയെ മുന്നിൽനിന്ന് നയിച്ചത്. 101 പന്തില്‍ 21 ഫോറും അഞ്ച് സിക്‌സറും സഹിതം 174 റണ്‍സെടുത്ത നായകൻ കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്‌വെ ഏകദിനത്തില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോർ അടിച്ചുകൂട്ടിയത്. 2009ല്‍ കെനിയക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 351 ആയിരുന്നു ഇതിന് മുമ്പ് അവരുടെ ഉയര്‍ന്ന സ്കോര്‍. ഓപണര്‍മാരായ ജോയ്‌ലോഡ് ഗംബീ (103 പന്തില്‍ 78) ഇന്നസെന്‍റ് കൈയ (41 പന്തില്‍ 32) ആള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ (27 പന്തില്‍ 48) റയാന്‍ ബേള്‍ (16 പന്തില്‍ 47), തദിവാന്‍ഷെ മരുമണി (ആറ് പന്തില്‍ പുറത്താവാതെ 18) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. യു.എസ്.എക്കായി അഭിഷേക് പരാദ്കര്‍ മൂന്നും ജെസ്സി സിങ് രണ്ടും നൊസ്തുഷ് കെഞ്ചിഗെ ഒന്നും വിക്കറ്റ് വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ യു.എസ്.എക്ക് തുടക്കത്തിലേ ഓപണർമാരെ നഷ്ടമായി. സ്റ്റീവൻ ടെയ്‍ലർ പൂജ്യത്തിനും സുശാന്ത് മൊദാനി ആറ് റൺസിനുമാണ് പുറത്തായത്. 31 പന്തില്‍ 24 റൺസെടുത്ത അഭിഷേക് പരാദ്കർ ആയിരുന്നു അവരുടെ ടോപ് സ്കോറർ. ജെസ്സി സിങ് (21), ഗജാനന്ദ് സിങ് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.