20 ഓവറിൽ 344, ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി സിംബാബ്‌വെ; 290 റൺസിന്‍റെ വമ്പൻ ജയം
text_fieldsനെയ്റോബി: രാജ്യാന്തര ട്വന്‍റി20 ക്രിക്കറ്റിൽ റെക്കോഡ് സ്കോർ അടിച്ചുകൂട്ടി സിംബാബ്‌വെ ടീം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗാംബിയക്കെതിരെ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. 33 പന്തിൽ സെഞ്ച്വറി കണ്ടെത്തിയ ക്യാപ്റ്റൻ സിക്കന്ദർ റാസ, കുട്ടി ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന ആദ്യ സിംബാബ്‌വെ താരമായി. മത്സരത്തിൽ 43 പന്തിൽ 133 റൺസുമായി താരം പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗാംബിയയെ 14.4 ഓവറിൽ കേവലം 54 റൺസിന് പുറത്താക്കി 290 റൺസിന്‍റെ പടുകൂറ്റൻ ജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. റൺസടിസ്ഥാനത്തിൽ ടി20യിലെ ഏറ്റവും വലിയ ജയമാണിത്.
നെയ്റോബിയിലെ റുവാരക സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നേരിട്ട ആദ്യ പന്തു മുതൽ സിംബാബ്‌വെ ആക്രമിച്ചാണ് കളിച്ചത്. 3.2 ഓവറിൽ ടീം സ്കോർ 50 കടന്നു. പവർപ്ലേ അവസാനിക്കുന്നതിനു മുമ്പ് സ്കോർ 100 പിന്നിട്ടു. ഇന്നിങ്സിലാകെ പിറന്നത് 57 ബൗണ്ടറികൾ! അതും ടി20 റെക്കോഡ്. നാല് സിംബാബ്‌വെ ബാറ്റർമാർ 50ലേറെ സ്കോർ ചെയ്തതും റെക്കോഡ് പുസ്തകത്തിലെ പുതിയ എൻട്രിയായി. ബ്രയാൻ ബെന്നറ്റ് (26 പന്തിൽ 50), തഡിവാൻഷെ മാറുമനി (19 പന്തിൽ 62), ക്ലൈവ് മദാൻഡെ (17 പന്തിൽ 53) എന്നിവരാണ് 50+ സ്കോർ നേടിയ മറ്റ് താരങ്ങൾ. വമ്പനടിയിൽ മംഗോളിയക്കെതിരെ നേപ്പാൾ നേടിയ 314 റൺസിന്‍റെ റെക്കോഡാണ് വഴി മാറിയത്.
ഏഴാം ഓവർ അവസാനിരിക്കെയാണ് നാലാമനായി സിക്കന്ദർ റാസ ക്രീസിലെത്തുന്നത്. ഫീൽഡിങ് നിയന്ത്രണങ്ങൾ അവസാനിച്ചത് റാസക്ക് ബൗണ്ടറി നേടാൻ തടസമായില്ല. താരം ആകെ നേടിയ 22 ബൗണ്ടറിയിൽ 15 എണ്ണവും നിലംതൊടാതെ ഗാലറിയിൽ എത്തി. ടി20 ക്രിക്കറ്റിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് റാസയുടെ ബാറ്റിൽനിന്ന് പിറന്നത്. റണ്ണൊഴുക്ക് തടയാൻ ഒരു ഘട്ടത്തിലും ഗാംബിയൻ ബോളർമാർക്ക് കഴിഞ്ഞതുമില്ല. നാലോവറിൽ 93 റൺസ് വഴങ്ങിയ മൂസ ജോർബാതെ ഇതിൽ റെക്കോർഡും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗാംബിയൻ നിരയിലെ ഒരാൾ മാത്രമാണ് രണ്ടക്കം കടന്നത്. 12 റൺസ് നേടിയ ആന്ദ്രേ ജാർജുവാണ് ടോപ് സ്കോറർ. എക്സ്ട്രാ ഇനത്തിൽ 14 റൺസ് പിറന്നു. സിംബാബ്‌വെക്കായി റിച്ചാർഡ് നഗവാരയും ബ്രൻഡൻ മവുറ്റയും മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ആഫ്രിക്കൻ വൻകരയിലെ കുഞ്ഞന്മാരായ ഗാംബിയക്ക് യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ ജയം നേടാനായിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ റുവാണ്ടക്കും സീഷെൽസിനും അവർ വാക്കോവർ നൽകി. സിംബാബ്‌വെയാകട്ടെ, കളിച്ച നാല് മത്സരത്തിലും ജയം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.