ഡി ഫോർ ഡോക്ടർ ഡി ലൈസൻസ്
text_fieldsമഞ്ചേരി: ഒരുകൈയിൽ സ്റ്റെതസ്കോപും മറുകൈയിൽ ഫുട്ബാളും. അരീക്കോട്ടുകാരൻ ജിഷാദ് കൊല്ലത്തൊടിയുടെ ജീവിതത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഡോക്ടറായും ഫുട്ബാൾ പരിശീലകനായും തിളങ്ങുകയാണ് ഈ 29കാരൻ. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) ഡി ലൈസൻസും ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷന്റെ ലെവൽ-1 കോച്ചിങ് ലൈസൻസും കരസ്ഥമാക്കിയിട്ടുണ്ട്. ചെറുപ്പം തൊട്ടേ കാൽപന്തുകളിയിൽ തൽപരനായിരുന്നു. രണ്ടുതവണ മലപ്പുറം ജില്ല ജൂനിയർ ടീമിനു വേണ്ടി കളിച്ചു. ഒരുതവണ സംസ്ഥാന ടീമിലും ഇടംനേടി. നാലുതവണ ഇന്റർ യൂനിവേഴ്സിറ്റിയും കളിച്ചു.
2018ൽ കേരള പ്രീമിയർ ലീഗിൽ ക്വാർട്ട്സ് എഫ്.സി കാലിക്കറ്റിനായും പന്തുതട്ടി. ആ വർഷം ലീഗിൽ റണ്ണേഴ്സ് ആയതും ജിഷാദിന്റെ ടീമായിരുന്നു. രണ്ടു വർഷം കൊച്ചി ബൈസാന്റെൻ എഫ്.സിക്കായും ബൂട്ടുകെട്ടി. പന്തുകളിയോടൊപ്പം പഠനത്തിലും മികവ് പുലർത്തിയതോടെ ഡോക്ടർ കുപ്പായവും അണിഞ്ഞു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്.
കോഴിക്കോട് മെട്രോ ആശുപത്രി, മഞ്ചേരി കൊരമ്പയിൽ ആശുപത്രി എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. കാർഡിയോളജി വിഭാഗത്തിലാണ് സ്പെഷലൈസ് ചെയ്ത് നിലവിൽ ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലെ ജൂനിയർ ക്ലിനിക്കൽ ഫെലോ ആയി ജോലി ചെയ്തുവരുകയാണ്. പുതിയ പ്രഫഷൻകൂടി തേടിയെത്തിയെങ്കിലും ഫുട്ബാളിനെ കൈവിട്ടില്ല.
ഇംഗ്ലണ്ടിലും ഫുട്ബാളിനെ ചേർത്തുപിടിച്ചു. അവിടത്തെ കോച്ചിങ് ലൈസൻസ് നേടി ഏൾസ് ബാർട്ടൺ യുനൈറ്റഡ് എഫ്.സിയുടെ 16 വയസ്സിന് താഴെയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ഒപ്പം വെല്ലിങ്ബോറോ വിറ്റ്ഫോർത്ത് എഫ്.സിക്കായും കളിക്കുന്നു. ഫുട്ബാളിനൊപ്പം പഠനവും കൊണ്ടുപോകാൻ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ജിഷാദ്.
ഇതിനായി യു.കെയിലെ ക്ലബുകളെ സഹകരിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. മുഹമ്മദ് റാഫി കൊല്ലത്തൊടിയുടെയും ലൈലാബി തയ്യിലിന്റെയും മകനാണ്. ഫാത്തിമ ഖലീന പാരിയാണ് ഭാര്യ. ലിയാം മഹ്റെസ് ഏക മകനാണ്. മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മഹ്റെസിനോടുള്ള ആരാധന മൂലമാണ് മകനും മഹ്റെസ് എന്ന പേര് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.