ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് ആദ്യജയം; ചാമ്പ്യനെ വീഴ്ത്തി ഇന്ത്യൻ താരം
text_fieldsസിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഡി. ഗുകേഷിന് ആദ്യ ജയം. 37ാം നീക്കത്തിലാണ് ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യൻ താരം വീഴ്ത്തിയത്.
ക്ലാസിക്കൽ ചെസ്സിൽ ലിറനെതിരെ ഗുകേഷിന്‍റെ ആദ്യ ജയമാണിത്. മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നര പോയന്‍റ് വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പമാണ്. നാലാം മത്സരം വെള്ളിയാഴ്ച നടക്കും.
ആകെ 14 മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. ആദ്യം 7.5 പോയന്റ് നേടുന്നയാൾ ചാമ്പ്യനാവും. ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്‍റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്.
ആദ്യത്തെ മത്സരത്തില്‍ ലിറന്‍ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയു ചെയ്തിരുന്നു. ''അത് മികച്ചതായി തോന്നുന്നു. കഴിഞ്ഞ രണ്ടുദിവസം ഞാൻ എന്റെ കളിയിൽ സന്തോഷവാനായിരുന്നു. ഇന്നത്തെ കളി അതിലും മികച്ചതായിരുന്നു. ബോർഡിൽ എനിക്ക് നല്ല അനുഭവം തോന്നുന്നു. ഇന്ന് എനിക്ക് എന്റെ എതിരാളിയെ മറികടക്കാൻ കഴിഞ്ഞു. അത് എല്ലായ്പ്പോഴും മികച്ചതാണ്''-മത്സരശേഷം ഗുകേഷ് പറഞ്ഞു.
ഇനിയാണ് കളി
മൂന്നാം റൗണ്ടിൽ ഗുകേഷ് തന്റെ ക്വീനിന്റെ മുന്നിലുള്ള കാലാളിനെ നീക്കിയാണ് മത്സരം ആരംഭിച്ചത്. ആദ്യത്തെ 10 നീക്കങ്ങൾക്കുള്ളിൽ തന്നെ ക്വീനിനെ പരസ്പരം വെട്ടി മാറ്റിയെങ്കിലും രണ്ടാം ഗെയ്മിലെ പോലെ വിരസമായ ഗെയിം പൊസിഷൻ അല്ല ബോർഡിൽ ഉണ്ടായിരുന്നത്.18ാം നീക്കത്തിൽ തന്റെ റൂക്കിനെ എച്ച്5 കളത്തിൽ വെക്കാനുള്ള ഡിങ്ങിന്റെ നീക്കം ഗുകേഷിന് കൗണ്ടർ അറ്റാക്ക് ചെയ്യാൻ അവസരം തുറന്നു കൊടുത്തു.
ഏതെങ്കിലും വിങ്ങിലൂടെ ആക്രമണം വരുമ്പോൾ മധ്യത്തിലൂടെ പ്രത്യാക്രമണം നടത്തുക എന്ന ചെസ് തിയറി ആണ് ഗുകേഷ് പയറ്റിയത്. തന്റെ രണ്ട് കാലാളുകളെ നൽകി ഗുകേഷ് ഡിങ്ങിന്റെ ഒരു ബിഷപ്പിനെ നേടിയെടുത്തു. പിന്നീടങ്ങോട്ട് ഗുകേഷ് തന്റെ പൊസിഷൻ മെച്ചപ്പെടുത്തിയത് വളരെ മികച്ച രീതിയിലും സാവധാനത്തിലും ആയിരുന്നു. 26ാം നീക്കം മുതൽ 33ാം നീക്കം വരെ ഗുകേഷ് തന്റെ എല്ലാ കരുക്കളെയും ഏറ്റവും മികച്ച കളങ്ങളിലേക്കു ഉറപ്പിക്കുമ്പോൾ ഡിങ് മികച്ച നീക്കം കണ്ടെത്താനാവാതെ സമയസമ്മർദത്തിൽ വിഷമിക്കുകയായിരുന്നു. ഡിങ്ങിന്റെ ഒരു ബിഷപ്പിന്റെ കുറവ് ഗുകേഷിന്റെ വിജയം ഉറപ്പിക്കാൻ സാധിച്ചു. ഈ വിജയത്തോടെ ഗുകേഷിന് പോയന്റ് നിലയിൽ ഡിങ്ങിനൊപ്പം എത്താൻ കഴിഞ്ഞു എന്നതിനേക്കാൾ ഒരു നേരിയ മുൻതൂക്കം കൂടി ലഭിച്ചു എന്നുവേണം കരുതാൻ.
കെ. രത്നാകരൻ (ഇന്റർ നാഷനൽ മാസ്റ്റർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.