രാജകിരീടം! ലോക ചെസ് ട്രോഫി ഏറ്റുവാങ്ങി ഡി. ഗുകേഷ്
text_fieldsസിംഗപ്പൂർ: ഏറ്റവും പ്രായംകുറഞ്ഞ ലോക ചെസ് ചാമ്പ്യനായി കളംനിറഞ്ഞ് ചരിത്രമെഴുതിയ ഡി. ഗുകേഷ് വെള്ളിയാഴ്ച രാവിലെ മുതൽ ചാമ്പ്യൻപട്ടം ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു. ബി.ബി.സിയടക്കമുള്ള മാധ്യമങ്ങളിലെ അഭിമുഖം കഴിഞ്ഞ് കിരീടത്തിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽ ഗുകേഷ് നിലപാട് വ്യക്തമാക്കി. ‘‘ഈ കിരീടം അടുത്തുനിന്ന് കാണുന്നത് ആദ്യമായാണ്. ഇപ്പോൾ തൊടുന്നില്ല. സമാപന സമ്മേളനത്തിൽ ഏറ്റുവാങ്ങാം’’ - കിരീടത്തിനരികെയിരുന്ന് ഇന്ത്യയുടെ പുത്തൻ കായികപുത്രൻ പറഞ്ഞു.
ഉറക്കമില്ലാത്ത ആഹ്ലാദ രാത്രിയുടെ പിറ്റേന്ന് ക്ഷീണമുണ്ടെങ്കിലും നിരവധി ആരാധകർക്കായി ഗുകേഷ് ഓട്ടോഗ്രാഫുകൾ നൽകി. ഇന്ത്യക്കാരും സിംഗപ്പൂരുകാരും ചൈനീസ് കുട്ടികളും ചെസ് ബോർഡുമായി ഗുകേഷിനരികിലെത്തി. ചതുരംഗക്കളത്തിലെ വെളുത്ത പ്രതലത്തിൽ ഈ 18കാരൻ ഒപ്പ് ചാർത്തി. കിരീടത്തോടൊപ്പമുള്ള ഫോട്ടോഷൂട്ടിൽ അമ്മ ഡോ. പത്മയും അച്ഛൻ ഡോ. രജനീകാന്തുമുണ്ടായിരുന്നു. ഔദ്യോഗികമായി ഫിഡെ പ്രസിഡന്റ് അർക്കാഡി വൂർക്കോവിച്ചിൽനിന്ന് കിരീടം ഏറ്റുവാങ്ങിയ ശേഷം ആദ്യം കൈമാറിയത് അച്ഛനായിരുന്നു. അച്ഛനിൽനിന്ന് അമ്മയുടെ കൈയിലേക്ക്. എല്ലാ ദിവസവും രാവിലെ ഉണർന്നത് ഈ നിമിഷത്തിനു വേണ്ടിയാണെന്നും ഈ കിരീടവും ലോകജേതാവ് എന്ന യാഥാർഥ്യവും ജീവിതത്തെ മറ്റെന്തിനെക്കാളും അർഥപൂർണമാക്കുന്നുവെന്നും ഗുകേഷ് പറഞ്ഞു.
ഒരുപാട് ഉയർച്ച താഴ്ചകളും വെല്ലുവിളികളും നേരിട്ടാണ് ഈ പദവിയിലെത്തിയതെന്നും ഒപ്പമുള്ള ആളുകളുടെ പിന്തുണ പ്രധാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2013ൽ മാഗ്നസ് കാൾസൻ ചെന്നൈയിൽ വെച്ച് ആനന്ദിനെ തോൽപിക്കുമ്പോൾ വേദിയിൽ താനുമുണ്ടായിരുന്നു. കിരീടം തിരിച്ച് ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് അന്ന് മൊട്ടിട്ട സ്വപ്നമായിരുന്നുവെന്നും ആ ഒറ്റക്കാര്യത്തിനായാണ് പ്രയത്നിച്ചതെന്നും ഗുകേഷ് പറഞ്ഞു.
എതിരാളിയോടും ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളോടും തന്റെ സംഘത്തോടും മത്സരത്തിന് വേദിയൊരുക്കിയ സിംഗപ്പൂരിനോടും നന്ദിയുണ്ട്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ തനിക്ക് കിട്ടിയ പുതിയ ആരാധകരോടും ദൈവത്തോടും നന്ദി പറയാനുണ്ട്. തന്നെ വഴി കാണിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂവെന്നും ഗുകേഷ് കൂട്ടിച്ചേർത്തു. ലോക ചാമ്പ്യൻഷിപ്പിന് നിലവാരമില്ലെന്ന ഇതിഹാസ താരം വ്ലാദിമിർ ക്രാംനികിന്റെ ആരോപണം സമാപന ചടങ്ങിൽ ഫിഡെ പ്രസിഡന്റ് നിഷേധിച്ചു. കളികൾക്ക് നിലവാരമില്ലായിരുന്നെന്ന വിമർശനം കാര്യമാക്കേണ്ടെന്ന് മുൻ ലോകജേതാവ് വിശ്വനാഥൻ ആനന്ദ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ചെസിന്റെ അന്ത്യമാണ് ഈ ലോകചാമ്പ്യൻഷിപ് ഫൈനലെന്നും ക്രാംനിക് വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.