യൂട്യൂബ് കണ്ട് പരിശീലനം; സ്വർണം സ്വന്തമാക്കി ദേവനാരായണൻ
text_fieldsതിരുവനന്തപുരം: യൂ ട്യൂബിൽ നിന്ന് വർഷങ്ങൾകൊണ്ട് ആർജിച്ചെടുത്ത പരിശീലനമുറകൾ ഒന്നൊന്നായി ദേവനാരായണൻ പുറത്തെടുത്തതോടെ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഉച്ചവെയിലിൽ പ്രഥമ കേരള ഗെയിംസിൽ മത്സരിക്കാനിറങ്ങിയവർക്ക് വെള്ളം കുടിക്കാേന സമയമുണ്ടായിരുന്നുള്ളൂ. ഒടുവിൽ 14.27 മീറ്റർ എറിഞ്ഞ് ഷോട്ട് പുട്ടിൽ സ്വർണവുമായി ഒരു കൂസലുമില്ലാതെ നടന്നുപോകുന്ന 24 കാരനോട് മാച്ച് ഒഫിഷ്യലുകൾ ചോദിച്ചു- ആരാ പരിശീലകൻ? ഉടൻ വന്നു മറുപടി 'യൂ ട്യൂബാണ് സാറെ'. മാവേലിക്കര കൃഷ്ണവിലാസത്തിൽ സദാശിവൻ ഉണ്ണിത്താൻ-വിജയശ്രീ ദമ്പതികളുടെ മകനായ ദേവനാരായണൻ എട്ടാം ക്ലാസിലാണ് ആദ്യമായി ഷോട്ട്പുട്ട് കൈയിലെടുക്കുന്നത്.
സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേടിയാൽ പത്താം ക്ലാസിൽ ഗ്രേസ് മാർക്കും കൂടി ഉണ്ടെന്ന് അറിഞ്ഞതോടെ കൊറത്തിയാട് എൻ.എസ്.എസ് സ്കൂളിലെ പി.ടി ടീച്ചർ നൽകിയ ഷോട്ട്പുട്ട് ശീലമാക്കി. സ്കൂളിലെ പരിശീലനത്തിന് ശേഷം വീട്ടിലായി ഏറ്. സ്കൂളിലെ ഷോട്ട് പുട്ട് വീട്ടിലേക്ക് കൊണ്ടുവരാൻ അനുവാദമില്ലാത്തതിനാൽ അയൽപക്കത്തെ വീട്ടിലെ ആട്ടുകല്ലിലെ കുഴവി കടംവാങ്ങിയായിരുന്നു പരിശീലനം.
കറങ്ങി എറിയാനുള്ള 10 സെന്‍റി മീറ്റർ വിസ്തൃതിയുള്ള സ്റ്റോപ് ബോർഡ് വീടിന് സമീപം സിമൻറിൽ തീർത്തു. യൂ ട്യൂബിൽ നിന്ന് ഇന്ത്യൻ താരങ്ങളായ തജീന്ദർ പാൽ സിങ്ങിന്‍റെയും മൻപ്രീത് കൗറിന്‍റെയും വിഡിയോകൾ കണ്ടാണ് ആദ്യകാലത്ത് അടവുകൾ പഠിച്ചത്. കഠിനമായ പരിശീലനത്തിലൂടെ ജില്ലതലത്തിൽ വിജയിച്ച് കയറിയെങ്കിലും സംസ്ഥാനതലത്തിൽ മെഡൽ നേടാൻ ഇതൊന്നും പോരായിരുന്നു. ഒടുവിൽ പത്താംക്ലാസ് ഉറക്കമൊഴിഞ്ഞ് പഠിച്ച് ജയിക്കേണ്ടിവന്നതായി ദേവനാരായണൻ പറയുന്നു.
2020ലെ സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ കായികസ്കൂളുകളിലെ താരങ്ങളെ പിന്തള്ളി 13.60 മീറ്റർ എറിഞ്ഞ് ദേവനാരായണൻ ആദ്യമായി സ്വർണം കഴുത്തിലിട്ടു. ഈ വർഷവും സീനിയറിലെ സ്വർണം ദേവനാരായണന് തന്നെയാണ്. ഇന്നലെ കേരള ഗെയിംസിൽ എറിഞ്ഞ 14.27 മീറ്ററാണ് ഇതുവരെയുള്ള മികച്ച ദൂരം.
ഷോട്ട് പുട്ടിലെ ദേശീയ മെഡലാണ് തന്‍റെ സ്വപ്നമെന്ന് ദേവനാരായണൻ പറയുന്നു. അതിനായി യോഗ്യത മാർക്കായ 16 മീറ്ററിന് മുകളിൽ എറിയുകയാണ് ഈ ആലപ്പുഴക്കാരന്‍റെ അടുത്ത ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.